രണ്ടാംമൈൽ-പനമറ്റം റോഡ് തകർന്നു വാഴ നട്ട് പ്രതിഷേധിച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാർ
1484865
Friday, December 6, 2024 5:55 AM IST
എലിക്കുളം: റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ രണ്ടാംമൈൽ-പനമറ്റം അക്കരക്കുന്ന് റോഡിന്റെ ശ്യോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ഓട്ടോറിക്ഷാ ഡ്രൈവർമാർ. റോഡിൽ വാഴ വച്ചാണ് ഇവർ പ്രതിഷേധിച്ചത്.
രണ്ടാം മൈൽ-പനമറ്റം അക്കരക്കുന്ന് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുഃസഹമായിരിക്കുകയാണ്.
അധികൃതരോട് നിരവധിത്തവണ പരാതികൾ പറഞ്ഞിട്ടും യാതൊരു പരിഹാരവും ഇല്ലാതെ വന്നതോടെയാണ് വാഴ നട്ട് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിഷേധിച്ചത്.
ഓട്ടം വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഓട്ടം പോയി തിരികെ വരുമ്പോൾ വാഹനം നേരേ വർക്ക്ഷോപ്പിലേക്ക് പ്രവേശിപ്പിക്കേണ്ടി വരുന്നുവെന്നും ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു.
പനമറ്റം ഗവൺമെന്റ് സ്കൂളിലേക്ക് ഉൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. അതുകൊണ്ടുതന്നെ ഈ ദുരിത യാത്രയ്ക്ക് പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
എലിക്കുളം പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. അധികൃതരുടെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരും.