എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : അസാധു വോട്ട്: ലിസി സജിയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു
1484862
Friday, December 6, 2024 5:55 AM IST
എരുമേലി: കഴിഞ്ഞ ദിവസം നടന്ന എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് മനഃപൂർവം അസാധുവാക്കിയെന്ന് ആരോപിച്ച് ലിസി സജിയെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സസ്പെൻഡ് ചെയ്തു.
എരുമേലി പഞ്ചായത്ത് പൊരിയന്മല വാർഡ് അംഗവും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമാണ് കോൺഗ്രസ് പ്രതിനിധിയായ ലിസി സജി. കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗം ഇ.ജെ. ബിനോയിക്ക് വോട്ട് ചെയ്യാൻ നിർദേശം നൽകി കോൺഗ്രസ് അംഗങ്ങൾക്ക് പാർട്ടി നേതൃത്വം വിപ്പ് നൽകിയിരുന്നു.
സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള കോളത്തിൽ ഗുണന ചിഹ്നം നൽകിയാണ് വോട്ട് ചെയ്യേണ്ടത്. എന്നാൽ, ലിസി സജി ഈ കോളത്തിൽ ചിഹ്നത്തിനൊപ്പം തന്റെ പേര് എഴുതിയിരുന്നു. ഇതാണ് വോട്ട് അസാധുവായത്. ഇത് മനഃപൂർവം ചെയ്തതാണെന്ന് നേതൃത്വം വിലയിരുത്തി.
അയോഗ്യത: സുബി സണ്ണി അവധി ചോദിച്ചു
എരുമേലി: കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ ഹർജിയുടെ ഹിയറിംഗിൽ ഹാജരാകാതെ സാവകാശം ആവശ്യപ്പെട്ട് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി. കോൺഗ്രസ് അംഗമായ സുബി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ആദ്യ ഹിയറിംഗ്. ഇതിൽ സുബി സണ്ണി പങ്കെടുത്തില്ല. ഹാജരാകാൻ കഴിയാഞ്ഞതിന് മാപ്പപേക്ഷ നൽകിയ സുബി അവധി അനുവദിക്കണമെന്ന് അഭിഭാഷകൻ മുഖേനെ ആവശ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് പ്രതിനിധിയായി ജയിച്ച സുബി കോൺഗ്രസ് ഭരണത്തിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പാർട്ടിയിലെ ധാരണ പ്രകാരം രാജിവയ്ക്കുകയും തുടർന്ന് കോൺഗ്രസ് അംഗം ജിജിമോൾ പ്രസിഡന്റാവുകയും പാർട്ടി ധാരണ പ്രകാരം ജിജിമോൾ രാജി വച്ച ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ സുബി സണ്ണി പ്രസിഡന്റാവുകയുമായിരുന്നു.
ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ സുബിക്കെതിരേ അയോഗ്യത ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ഹർജി നൽകിയത്.