അപകട മേഖലയാകുന്ന റോഡുകൾ : മുണ്ടക്കയം-കോരുത്തോട് റോഡിൽ സുരക്ഷാ സംവിധാനം ഒരുക്കണം
1484859
Friday, December 6, 2024 5:55 AM IST
മുണ്ടക്കയം: മുണ്ടക്കയം-കോരുത്തോട്-കുഴിമാവ് ശബരിമല പാതയിൽ പതിവായി അപകടങ്ങൾ നടക്കുന്ന മേഖലയിൽ സുരക്ഷാസംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുത്തിറക്കവും കൊടുംവളവും നിറഞ്ഞ രണ്ടു സ്ഥലങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.
ഇന്നലെ ഉച്ചയ്ക്കു ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം പനക്കച്ചിറ പഴയ പാലത്തിനു സമീപം നിയന്ത്രണംവിട്ടു മറിഞ്ഞിരുന്നു. ചെന്നൈ സ്വദേശികളായ അഞ്ച് തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ തീർഥാടകർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വണ്ടൻപതാൽ തേക്കിൻകൂപ്പ് ഭാഗം കഴിഞ്ഞുള്ള പഴയ പനക്കച്ചിറ പാലം ഭാഗത്ത് റോഡിൽ കുത്തിറക്കവും പിന്നീട് വലിയ കയറ്റവുമാണുള്ളത്. അതുകൊണ്ടുതന്നെ വാഹനങ്ങൾ അമിത വേഗത്തിൽ ഇറക്കമിറങ്ങിവന്നു കയറ്റം കയറാൻ തുടങ്ങുമ്പോൾ അപകടം സംഭവിക്കുകയാണ് പതിവ്. റോഡിന്റെ വശങ്ങളിൽ ഈ ഭാഗത്ത് ക്രാഷ് ബാരിയർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല. ഇത് അപകടസാധ്യത വർധിപ്പിക്കുകയാണ്. മടുക്ക മുതൽ കോസടി വരെയുള്ള റോഡ് കുത്തിറക്കവും കൊടുംവളവും നിറഞ്ഞതാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകാറുള്ളത്.
വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന ഈ മേഖലയിൽ സുരക്ഷാസംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ അധികൃതർ സ്ഥാപിച്ചിട്ടില്ല. മടുക്കയ്ക്കും കോരുത്തോടിനുമിടയിൽ വാഹനാപകടത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്.
അന്യസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടക വാഹനങ്ങൾ റോഡിന്റെ ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നതും പതിവാണ്. അപകടങ്ങൾ ഒഴിവാക്കാൻ കൊടുംവളവിൽ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡും അടിയന്തരമായി സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.