ജൂബിലിത്തിരുനാളിന് ഒരുങ്ങി പാലാ
1484850
Friday, December 6, 2024 5:41 AM IST
പാലാ: വെള്ളിത്തോരണങ്ങള് മേലാപ്പ് വിരിച്ചു മുത്തുക്കുട ചൂടിയ നഗരവീഥികള്‍, വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ചായം പൂശി വൈദ്യുതി ദീപാലങ്കാര പ്രഭയില്‍, നവീകരണം പൂര്‍ത്തിയാക്കി പ്രകാശപൂരിതമായ ജൂബിലി കപ്പേള, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശമായി തൊട്ടിലാട്ടവും മരണക്കിണറും ആകാശവഞ്ചിയും. പാലാ പട്ടണം ജൂബിലി തിരുനാളിനായി ഒരുങ്ങി.
വഴിയോരങ്ങളില്‍ തിരുനാള്‍ കച്ചവടക്കാരുടെ കടകള്‍ നിരന്നു. ടൗണ്‍ കപ്പേളയിലെ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാള്‍ ഏഴ്, എട്ട് തീയതികളിലാണ് ആഘോഷിക്കുന്നത്. ഒന്നിനു തിരുനാളിനു കൊടിയേറിയതു മുതല്‍ കപ്പേളയിലെ മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ നേര്ച്ചകാഴ്ചകള് അര്‍പ്പിക്കാനും മാധ്യസ്ഥ്യം അപേക്ഷിക്കാനുമായി നൂറുകണക്കിനാളുകളാണ് എത്തുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഏഴിനാണ് സാംസ്കാരിക ഘോഷയാത്രയും ഫാന്‍സിഡ്രസ്, ടാബ്ലോ മത്സരങ്ങളും. തിരുനാളിനൊരുക്കമായി സിവൈഎംഎല്‍ നാടകമേള സംഘടിപ്പിച്ചിരുന്നു. ഫുട്ബോള്‍ മത്സരവും ഉണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ ഫുഡ് ഫെസ്റ്റ് ഇന്നു തുടങ്ങും.
നാളെ രാവിലെ 7.30ന് മാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പന്തലില്‍ പ്രതിഷ്ഠിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ജൂബിലി സാംസ്കാരിക ഘോഷയാത്ര പാലാ നഗരത്തിനു പുത്തന്‍ ദൃശ്യാനുഭവം പകരും. 3.15ന് ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും 3.45ന് ബൈബിള്‍ ടാബ്ലോ മത്സരവും പ്രധാന വീഥിയില്‍ നടക്കും.
വൈകുന്നേരം ആറിന് കത്തീഡ്രലില്‍നിന്നും ളാലം പുത്തന്‍പള്ളിയില്‍ നിന്നുമുള്ള പ്രദക്ഷിണം പാലാ കൊട്ടാരമറ്റത്ത് സംഗമിക്കും. തുടര്‍ന്ന് കുരിശുപള്ളിയിലേക്ക് സംയുക്ത പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ എട്ടിനു രാവിലെ എട്ടിന് പാലാ സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മരിയൻ റാലി. 10ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. വൈകുന്നേരം നാലിന് പട്ടണ പ്രദക്ഷിണം ആരംഭിക്കും. ടൗണ്‍ ചുറ്റി പ്രദക്ഷിണം രാത്രി ഒമ്പതിന് കപ്പേളയില്‍ സമാപിക്കും.
മീനച്ചിലാറിന്റെ തീരത്തു പാലായുടെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ജൂബിലി കപ്പേളയിലെ തിരുനാള്‍ പാലായുടെ ദേശീയോത്സവം എന്നതിലുപരി ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. അന്യനാട്ടിലേക്ക് കുടിയേറി പാര്‍ത്തവരും വിവാഹം കഴിച്ചുപോയവരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഒത്തുകൂടുന്ന പുണ്യവേളയാണ് ജൂബിലി തിരുനാള്‍ ദിനങ്ങള്‍.