ചങ്ങനാശേരി ആര്‍എംഎസ് ഓഫീസ് നിര്‍ത്തലാക്കുന്നു
1484660
Thursday, December 5, 2024 7:40 AM IST
ചങ്ങനാശേരി: അരനൂറ്റാണ്ടിലധികമായി ചങ്ങനാശേരിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആര്‍എംഎസ് ഓഫീസ് നിര്‍ത്തലാക്കാന്‍ നീക്കം.
വിവിധ സമുദായങ്ങളുടെ ആസ്ഥാനവും വിദ്യാഭ്യാസ- വാണിജ്യ കേന്ദ്രവുമായ ചങ്ങനാശേരിയില്‍നിന്ന് അനവധി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. റെയില്‍വേ മെയിൽ സര്‍വീസിലൂടെ ഇതൊക്കെ കേരളത്തിലാകെയും പുറത്തും എത്തിക്കാൻ സാധിക്കുന്നത് പ്രയോജനപ്രദവുമാണ്.
വരുമാനക്കുറവിന്റെ പേരു പറഞ്ഞാണ് നിലവിലുള്ള ഓഫീസ് നിര്‍ത്തലാക്കാന്‍ ശ്രമം നടക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ ലാഭം നോക്കി മാത്രം പ്രവര്ത്തിക്കേണ്ടതല്ലെന്നും ജനകീയാവശ്യങ്ങള്‍ നിറവേറ്റാനുള്ളതാണെന്നും ആര്‍എംഎസ് സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.
ആര്‍എംഎസ് ഓഫീസ് കോട്ടയം ജില്ലാ ആസ്ഥാനത്തേക്കു മാറ്റാനാണ് ആലോചനകള്‍ നടക്കുന്നത്. ഇത് ചങ്ങനാശേരിയില്‍ ആര്‍എംഎസ് സേവനം ഉപയോഗിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടിനിടയാക്കും.
നേരത്തെ റെയില്‍വേസ്റ്റേഷനു സമീപം പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസ് ഇപ്പോള്‍ സൗകര്യപ്രദമായി ചങ്ങനാശേരി ഹെഡ്പോസ്റ്റ് ഓഫീസിലാണ് പ്രവര്‍ത്തിക്കുന്നത്. വകുപ്പധികൃതര്‍ ജനപക്ഷത്തുനിന്നു ചിന്തിച്ച് അനുകൂല നടപടി സ്വീകരിക്കണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ജോബ് മൈക്കിള്‍ എംഎല്‍എ തപാല്‍ വകുപ്പ് ഡയറക്ടറെ കണ്ടു
ചങ്ങനാശേരി ആര്‍എംഎസ് ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍നിന്നു പിന്തിരിയണമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പോസ്റ്റല്‍ അധികാരികളോടാവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസിലെത്തി ഹെഡ് ക്വാര്‍ട്ടേഴ്സ് പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ അലക്സിന് ജോര്‍ജുമായി അദ്ദേഹം ചര്‍ച്ച നടത്തി. ആര്‍എംഎസ് സംരക്ഷണ സമിതി ചെയര്മാന് സണ്ണി തോമസും സന്നിഹിതനായിരുന്നു.