സമരസമിതിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും: മന്ത്രിമാർ
1484658
Thursday, December 5, 2024 7:40 AM IST
ചങ്ങനാശേരി: തണ്ണീര്‍മുക്കം ബണ്ട് റെഗുലേറ്റ് ചെയ്യുക, നെല്ലിന് കേന്ദ്രം നാലുവര്‍ഷമായി വര്‍ധിപ്പിച്ച നെല്‍വിലയും സംസ്ഥാന വിഹിതവുമടക്കം കിലോയ്ക്ക് 32.52 രൂപ വില നല്‍കുക, രണ്ടാം കൃഷിയുടെ നെല്ല് സംഭരണ വില ഉടന്‍ ലഭ്യമാക്കുക, വൃശ്ചിക വേലിയേറ്റത്തില്‍ മട വീണ പാടശേഖരങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നെല്‍കര്‍ഷക സംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്നും വൈസ്പ്രസിഡന്റ് ലാലിച്ചന്‍ പള്ളിവാതുക്കലും കഴിഞ്ഞ ഒമ്പതു ദിവസമായി ആലപ്പുഴ കളക്ടറേറ്റ് പടിക്കല്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം താത്കാലികമായി അവസാനിപ്പിച്ചു.
സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍, കൃഷി മന്ത്രി പി. പ്രസാദ് എന്നിവർ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ്, ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന നേതാക്കളായ വി.ജെ. ലാലി, റജീന അഷ്റഫ്, പി.ആര്. സതീശന്, ജോസ് കാവനാട്, പി.ആര്. വേലായുധന് നായര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ സമരം തീര്‍ക്കാന്‍ മധ്യസ്ഥത വഹിച്ച ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് തന്നെയാണ് നിരാഹാര സമരമനുഷ്ഠിച്ച സംസ്ഥാന നേതാക്കളായ സോണിച്ചന്‍ പുളിങ്കുന്നിനും ലാലിച്ചന്‍ പള്ളിവാതുക്കലിനും നാരാങ്ങാനീരു നല്കി സമരം അവസാനിപ്പിച്ചത്. സമാപന സമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ഡോ. നാരായണപിള്ള ഉദഘാടനം ചെയ്തു. എന്കെഎസ്എസ് സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി വി.ജെ. ലാലി സമരം അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചു.
രമേശ് ചെന്നിത്തല എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്, എം.ജെ. ജോബ്, ഫാ. അഗസ്റ്റിന് പൊങ്ങനാംതടം, ആര്. പാര്‍ഥസാരഥി വര്‍മ, ദേവസ്യാ പുള്ളിക്കാശേരി, ബി. ഇമാമുദ്ദീന്‍, പി.ആര്.സതീശന്, കോര്‍ഡിനേറ്റര്‍ ജോസ് കാവനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.