മയിലപ്പറമ്പില്‍ കുര്യാക്കോസച്ചന്റെ 114-ാം ചരമവാര്‍ഷികം
1484657
Thursday, December 5, 2024 7:40 AM IST
കടുത്തുരുത്തി: പുണ്യശ്ലോകനായ മയിലപ്പറമ്പില്‍ കുര്യാക്കോസച്ചന്റെ 114-ാം ചരമവാര്‍ഷികം ഏഴിന് കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ നടക്കും. കുര്യാക്കോസച്ചന്റെ കബറിട തീര്‍ത്ഥാടന കേന്ദ്രമായി 2011 ഡിസംബര്‍ ഏഴിന് കോതനല്ലൂര്‍ പള്ളിയെ പ്രഖ്യാപിച്ചിരുന്നു. കോതനല്ലൂരിലെ പുരാതന ക്രൈസ്തവ കുടുംബത്തില്‍ 1852 ജൂണ്‍ എട്ടിനാണ് മയിലപ്പറമ്പില്‍ ജോസഫ്-അന്ന ദമ്പതികളുടെ മകനായി കുര്യാക്കോസച്ചന് ജനിച്ചത്.
വൈദികപഠനത്തിനായി 1868 ല്‍ മാന്നാനം കര്‍മലീത്ത ആശ്രമ സെമിനാരിയില്‍ ചേര്‍ന്നു. 1878 നവംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ചു. മാതൃ ഇടവകയായ കോതനല്ലൂരില്‍ 26 വര്‍ഷക്കാലം സേവനം ചെയ്യാനും കുര്യാക്കോസച്ചന് കഴിഞ്ഞു. ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തു.
എഡി 826 ല്‍ നിര്‍മിച്ച കോതനല്ലൂര്‍ പള്ളി 1895 ല്‍ പുനര്‍നിര്‍മിച്ചതും കുര്യാക്കോസച്ചന്റെ നേതൃത്വത്തിലായിരുന്നു. അക്രൈസ്തവരായ നിരവധിയാളുകളെ ദൈവവിശ്വാസത്തിലേക്ക് നയിക്കുകയും പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത കുര്യാക്കോസച്ചന് 1910 ഡിസംബര്‍ ഏഴിന് ഇഹലോകവാസം വെടിഞ്ഞു.
കബറിടത്തുങ്കല്‍ പ്രാര്ഥനകളുമായെത്തുന്നവര്ക്ക് അച്ചന്റെ മാധ്യസ്ഥ തയിൽ നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം 4.30 ന് കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും, ഒപ്പീസും ഫാ.സെബാസ്റ്റ്യന്‍ ചുണ്ടക്കാട്ടില്‍.
നാളെ വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ഒപ്പീസ് ഫാ.ജോസഫ് ആലഞ്ചേരി. ചരമവാര്‍ഷികദിനമായ ഏഴിന് രാവിലെ 10.30 ന് റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ഫാ.ജോസഫ് ചീനോത്തുപറമ്പില്‍, ഫാ.ഗര്‍വാസീസ് ആനിത്തോട്ടം, ഫാ.ഡെന്നീസ് അറുപതില്‍ എന്നിവര്‍ സഹകാര്‍മികരാകും.
തുടര്‍ന്ന് കബറിടത്തുങ്കല്‍ ഒപ്പീസും, നേര്‍ച്ച വെഞ്ചരിപ്പും. ഫൊറോനാ വികാരി ഫാ.സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍, സഹവികാരി ഫാ. ടോം മാമലശ്ശേരി എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.