നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും വിൽപ്പന നടത്തിയവരെ എക്സൈസ് പിടികൂടി
1484656
Thursday, December 5, 2024 7:40 AM IST
വൈക്കം: വൈക്കം, വെച്ചൂർ പ്രദേശങ്ങളിൽ സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നിരോധിത പുകയില ഉത്പന്നങ്ങളും, കഞ്ചാവും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളായ രണ്ട് പേരെ വൈക്കം എക്സൈസ് സംഘം പിടികൂടി.ബിബിൻകാന്ത് എം.ബി(28),പി.ആർ. അനിൽകുമാർ(54) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
ഇവർ വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തിവന്നിരുന്നത്. ഇതിൽ അനിൽകുമാറിനെതിരെ വെച്ചൂർ ബണ്ട്റോഡ് ഭാഗത്ത് നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് നിരവധി തവണ പോലീസും എക്സൈസും കേസെടുത്തിട്ടുണ്ടെങ്കിലും പിഴ അടയ്ക്കുന്ന ശിക്ഷ മാത്രമുള്ളതിനാൽ ഇയാൾ വീണ്ടും വിൽപ്പന തുടർന്നു വരികയായിരുന്നു.
നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പനയുടെ കൂടെ കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്.
കഞ്ചാവും നിരോധിത പുകയില ഉത്പ്പന്നങ്ങളും ആളുകളെ ഭയപ്പെടുത്താനായി സൂക്ഷിച്ചിരുന്ന ചൈനീസ് പടക്കങ്ങളും പരിശോധനയിൽ കണ്ടെത്തി.ഇരുവർക്കുമെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.