മോഷ്ടാക്കളെ തുരത്താന്‍ കല്ലറയിലെ നാട്ടുകാര്‍ സംഘടിക്കുന്നു
1484655
Thursday, December 5, 2024 7:40 AM IST
കടുത്തുരുത്തി: മോഷ്ടാക്കളെ തുരത്താന്‍ കല്ലറയിലെ നാട്ടുകാര്‍ സംഘടിക്കുന്നു. മോഷ്ടാക്കള്‍ക്ക് മുന്നറിയിപ്പുമായി ബോര്‍ഡ് സ്ഥാപിച്ചു പഞ്ചായത്തംഗം. “മോഷ്ടാക്കള്‍ ജാഗ്രതൈ.... കല്ലറ ഗ്രാമത്തിന് കാവലായി പ്രതിരോധ സേനയുണ്ട്.... രാത്രിയിലോ, പകലോ ഇവിടുത്തെ വീടുകളിലും കടകളിലും മോഷണം നടത്താമെന്ന കുത്സിത നീക്കവുമായി വരുന്നവര്‍ ഓര്‍ത്തു വച്ചോ... കാര്യം സാധിച്ചു വെറുതെയങ്ങ് പോകാമെന്ന് വിചാരിക്കേണ്ട..
നല്ല ഇല വെട്ടി വിളമ്പി പതിനാറു കറിയും ചേര്‍ത്ത് ഉരുളയാക്കി ഉരുട്ടി തീറ്റിച്ചിട്ടേ വിടൂ...’’ കല്ലറ-കടുത്തുരുത്തി റോഡില്‍ കല്ലറ പഞ്ചായത്തിനടുത്തുള്ള എസ്ബിഐ ജംഗ്ഷന് സമീപം സ്ഥാപിച്ചിട്ടുള്ള ബോര്‍ഡിലെ വാക്കുകളാണിത്. കല്ലറ പഞ്ചായത്തിലെ നാലാം വാര്‍ഡ് മെംബര്‍ അരവിന്ദ് ശങ്കറിന്റെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.
ബോര്‍ഡ് വയ്ക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് അരവിന്ദ് ശങ്കര്‍ പറയുന്നത്: കഴിഞ്ഞ രണ്ടുമാസമായി കല്ലറയില്‍ മോഷണവും മോഷണശ്രമവും തുടര്‍ച്ചയായി നടക്കുകയാണ്. കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍നിന്ന് കല്ലറയില്‍ പോലീസെത്തണമെങ്കില്‍ 20 മുതല്‍ 30 മിനിറ്റ് സമയമെടുക്കും. പല വീടുകളില്‍നിന്നും പണവും സ്വര്‍ണവും മദ്യവും മറ്റ് ഉപകരണങ്ങളും മോഷണം പോയി.
കുറുവാ സംഘമാണെന്ന പ്രചാരണവും ശക്തമായി. മോഷണസംഘത്തിലുള്ള ഒരാളെ പോലും പിടികൂടാന്‍ പോലീസിനായിട്ടുമില്ല. രാത്രികാലങ്ങളില്‍ പല വീടുകളിലും മോഷ്ടാക്കളുടെ ശല്ല്യം തുടര്‍ച്ചയായതോടെ കളരിപ്പയറ്റ് പരിശീലകന് കൂടിയായ തന്നെ ഇവിടെവരെ ഒന്ന് വരണമെന്ന് പറഞ്ഞ് നാട്ടുകാര്‍ വിളിക്കാന്‍ തുടങ്ങി.
ആരോ വീടിന് പുറത്ത് നടക്കുന്നതായി തോന്നുന്നു, പശു കരയുന്ന ശബ്ദം ഉണ്ടാക്കുന്നു, കതകില്‍ മുട്ടുന്നു പേടിയാകുന്നു എന്നൊക്കെ പറഞ്ഞാണ് വിളി വരുന്നത്. ഇതോടെയാണ് ജനങ്ങളെ അണിനിരത്തി മോഷണ സംഘങ്ങള്‍ക്കെതിരേ ഡിഫെന്‍സ് ടീം കല്ലറ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്തംഗം പറഞ്ഞു. അതിന്റെ ഭാഗമായാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
പ്രതിരോധസേന
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. വരുന്ന ഓരോ ദിവസവും പോലീസിന്റെ പിന്തുണയോട് കൂടി ഈ ഡിഫന്‍സ് ടീമിന്റെ പ്രവര്‍ത്തനം ശക്തമാക്കും. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ആറ് പേരടങ്ങുന്ന ഒരു ടീമെന്ന നിലയിലാണ് ദിവസവും പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്.