കനത്ത മഴയിൽ തലയാഴത്ത് നെൽകൃഷിക്ക് വ്യാപക നാശം
1484654
Thursday, December 5, 2024 7:40 AM IST
തലയാഴം: ശക്തമായ മഴയിൽ തലയാഴം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ നെൽകൃഷിക്ക് കനത്ത നാശം. വിവിധ പാടശേഖരങ്ങളിലായി ഏകദേശം 100 ഹെക്ടർ നെൽകൃഷിക്കാണ് നാശം സംഭവിച്ചത്. തലയാഴം പഞ്ചായത്തിലെ വനം വടക്ക്, വനം തെക്ക് , കണ്ടംതുരുത്ത് കിഴക്ക് എന്നീ പടശേഖരങ്ങളിലാണ് കൂടുതൽ കൃഷി നാശം ഉണ്ടായത്. കൊയ്ത്ത് യന്ത്രത്തിന്റെ ലഭ്യത കുറവുമൂലം യഥാസമയം വിളവെടുക്കാൻ കഴിയാതെ കർഷകർ വലയുമ്പോഴാണ് മഴ കനത്ത് പെയ്ത് നെൽകൃഷിക്ക് കനത്ത നാശം വരുത്തിയത്.
വനംവടക്ക് പാടശേഖരത്തിൽ 125 ഏക്കർ നെൽകൃഷി ഇനിയും കൊയ്യാനുണ്ട്. വനംസൗത്ത് പാടശേഖരത്തിൽ 100 ഏക്കറും കണ്ടംതുരുത്ത് – മണ്ണാറംകണ്ടം പാടശേഖരങ്ങൾ പൂർണമായും കൊയ്യാൻ സാധിക്കാത്ത സ്ഥിതിയിലുമാണ്.
വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്തും സ്വകാ ര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങിയും കൃഷി ഇറക്കിയ കർഷകർ കൃഷി നാശമുണ്ടായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കൃഷിനാശം സംഭവിച്ച വിവിധ പാടശേഖരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസിന്റെ നേതൃത്വത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.കെ.സിമ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി,
പഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ, കെ. ബിനിമോൻ, കൃഷി ഓഫീസർ രേഷ്മഗോപി, കൃഷി അസിസ്റ്റന്റ് ആർ. മഹേഷ്കുമാർ,ഹരിശങ്കർ, വനംവടക്ക് പാടശേഖര സമിതി സെക്രട്ടറി കെ.എസ് ബേബി തുടങ്ങിയവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി തുടർനടപടികൾക്കായി എഡിഎയെ ചുമതലപ്പെടുത്തി.