ഐഎഫ്എഫ്കെ വിളംബരജാഥയ്ക്ക് സ്വീകരണം ഇന്ന്
1484644
Thursday, December 5, 2024 7:24 AM IST
കോട്ടയം: സാംസ്കാരിക വകുപ്പിനു വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്എഫ്കെയോടനുബന്ധിച്ചു ടൂറിംഗ് ടാക്കീസ് വിളംബര ജാഥയ്ക്ക് കോട്ടയത്തു നാല് സ്ഥലത്ത് വരവേൽപ്പ് നൽകും.
ഇന്ന് ഉച്ചയ്ക്ക് 12.30ന് ബസേലിയസ് കോളജ് തിയറ്ററിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ‘നൻപകൽ നേരത്ത് മയക്കം’ പ്രദർശിപ്പിക്കും. ചലച്ചിത്ര നടൻ ഹരിലാൽ പങ്കെടുക്കും. വൈകുന്നേരം ആറിന് വിജയപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മണർകാട് പഞ്ചായത്ത് ഹാളിൽ വരവേല്പ് നൽകും.
നാളെ രാവിലെ 10ന് തിരുവാർപ്പ് ഗവൺമെന്റ് യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ സിനിമാ പ്രദർശനം ഉദ്ഘാടനം ചെയ്യും. കലാരത്ന ആർട്ടിസ്റ്റ് സുജാതൻ പങ്കെടുക്കും. വൈകുന്നേരം ആറിന് കുമരകം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ടൂറിംഗ് ടാക്കിസ് പ്രദർശനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ, റീജണൽ കോഓർഡിനേറ്റർ ഷാജി അമ്പാട്ട് എന്നിവർ പങ്കെടുക്കും. നവംബർ 27ന് കയ്യൂരിൽനിന്ന് ആരംഭിച്ച ടൂറിംഗ് ടാക്കീസ് വിളംബര ജാഥ 10ന് തിരുവനന്തപുരത്ത് സമാപിക്കും.