മടവീഴ്ച: കിളിര്‍ത്ത നെല്ല് വെള്ളം കയറി നശിക്കുന്നു; പാടം തരിശിട്ട് കര്‍ഷകര്‍
1484642
Thursday, December 5, 2024 7:24 AM IST
ചിങ്ങവനം: ബലമുള്ള പുറംബണ്ടില്ലാത്തതിനാൽ വിതച്ചു കിളിര്‍ത്ത നെല്ല് മട വീണു നശിക്കുന്നതു കണ്ട ഒരു കൂട്ടം കര്‍ഷകര്‍ മട വീഴ്ച ഭയന്ന് കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലായി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ കൃഷിയിറക്കിയ പാടത്ത് മടവീണ് ഏക്കറു കണക്കിന് നെല്ലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നശിച്ചത്.
പള്ളം തൊള്ളായിരം, കൊല്ലാട് കിഴക്കുപുറം പാടശേഖരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലെ മടവീഴ്ചയെത്തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടായത് കനത്ത നഷ്ടമാണ്. ഇവിടെ ബണ്ടിന്റെ ബലക്ഷയം ചൂണ്ടിക്കാണിച്ചിട്ടും അധികൃതര്‍ കനിഞ്ഞില്ലെന്നാണ് കര്‍ഷകരുടെ പരാതി.
ബലമുള്ള പുറംബണ്ടില്ലാത്തതിനാല്‍ താമസിച്ച് കൃഷിയിറക്കേണ്ടിവരുന്ന പനച്ചിക്കാട് പഞ്ചായത്തിലെ നിരവധി പാടങ്ങൾ ഇക്കുറി കര്‍ഷകര്‍ കൃഷിയിറക്കാതെ ഉപേക്ഷിച്ചിരിക്കുകയാണ്. കൊല്ലാട് പാറയ്ക്കല്‍ കടവ് മുതല്‍ പാക്കില്‍ വരെയുള്ള ഏക്കറുകണക്കിന് പാടങ്ങളാണ് കര്‍ഷകര്‍ ഇക്കുറി ഉപേക്ഷിച്ചത്.
വര്‍ഷങ്ങളായി തരിശുകിടന്ന പാടങ്ങള്‍ വന്‍തുക മുടക്കി മൂന്ന് വര്‍ഷം മുന്‍പ് കൃഷിയിറക്കിയെങ്കിലും കൃഷി നാശം പതിവായതിനെത്തുടര്‍ന്നാണ് ഇത്തവണ കൃഷി ഉപേക്ഷിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. വിളവെടുക്കേണ്ട സമയത്തും വളര്‍ച്ചയെത്തുന്ന സമയത്തും അപ്രതീക്ഷിതമായി പെയ്യുന്ന മഴയില്‍ പുറം ബണ്ട് തകര്‍ന്ന് കൃഷി നാശം സംഭവിക്കുന്നതാണ് കര്‍ഷകരെ വലയ്ക്കുന്നത്.
അതേസമയം ബണ്ട് കെട്ടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് അധികൃതര്‍ മുഖം തിരിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിയന്തരമായി കൃഷിക്കാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.