ബസുകൾ റൂട്ട് മാറി ഓടുന്നതായി പരാതി
1484601
Thursday, December 5, 2024 6:09 AM IST
എരുമേലി: ശബരിമല സീസണാകുമ്പോൾ ബസുകൾ റൂട്ട് മാറി ഓടുന്ന പതിവ് ഇത്തവണയും. മുക്കൂട്ടുതറയിലേക്കുള്ള സ്വകാര്യ ബസുകൾ കരിങ്കല്ലുമുഴി, മണിപ്പുഴ വഴി സഞ്ചരിക്കേണ്ടതിന് പകരം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്നു പ്രപ്പോസ് വഴി എംഇഎസ് കോളജ് റോഡിലൂടെ റൂട്ട് മാറി സഞ്ചരിക്കുന്നെന്ന് പരാതി വ്യാപകമായി. ശബരിമല തീർഥാടക തിരക്ക് മൂലമാണ് റൂട്ട് മാറ്റി സഞ്ചരിക്കുന്നതെന്ന് ബസ് ജീവനക്കാർ.
പെർമിറ്റ് അനുവദിച്ച റൂട്ടിലൂടെ അല്ലാതെ സഞ്ചരിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലെന്നിരിക്കേ ബസുകളുടെ റൂട്ട് മാറ്റം നിയമ ലംഘനമാണെന്ന് യാത്രക്കാർ. റോഡിലുടനീളം പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടായിട്ടും റൂട്ട് മാറി ഓടുന്ന സ്വകാര്യ ബസുകൾക്കെതിരേ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
മണിപ്പുഴ, ചെമ്പകപ്പാറ ഭാഗത്തുള്ള യാത്രക്കാർക്കാണ് റൂട്ട് മാറിയുള്ള ഓട്ടം മൂലം ബുദ്ധിമുട്ട് നേരിടുന്നത്. ഈ സ്ഥലങ്ങളിലൂടെ ബസുകൾ സഞ്ചരിക്കാത്തതു മൂലം ഈ പ്രദേശങ്ങളിലെ യാത്രക്കാർ എംഇഎസ് ജംഗ്ഷനിലും കരിങ്കല്ലുമുഴിയിലും ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്.