കാഴ്ചയുടെ വസന്തം ഒരുക്കി മണിമുല്ല പൂത്തു
1484600
Thursday, December 5, 2024 6:09 AM IST
മുണ്ടക്കയം: കണ്ണുകൾക്ക് മനോഹര കാഴ്ചയും പ്രകൃതിക്കു സൗരഭ്യവും പകർന്ന് മുണ്ടക്കയത്ത് മണിമുല്ല പൂത്തു. വേങ്ങകുന്ന് കുഴിപറമ്പിൽ കെ.എം. പുരുഷോത്തമന്റെ വീട്ടുമുറ്റത്താണ് ദൃശ്യവസന്തമൊരുക്കി മണിമുല്ല പൂത്തുനിൽക്കുന്നത്.
അപൂർവമായി മാത്രം കാണുന്ന ഈ ചെടി സാധാരണയായി പൂവിടുന്നത് ഡിസംബറിലാണ്. വള്ളിച്ചെടി നിറയെ ആയിരക്കണക്കിന് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. നാലോ അഞ്ചോ ദിവസം മാത്രമാണ് ഒരു പൂ വിരിഞ്ഞു നിൽക്കുക. ഒരു പൂക്കുലയിൽ നൂറുകണക്കിന് മൊട്ടുകൾ ഉണ്ടാകും.
ഒരു പൂ കൊഴിയുമ്പോഴേക്കും മറ്റ് പൂക്കൾ വിരിഞ്ഞിരിക്കും. അങ്ങനെ ദിവസങ്ങളോളം ഈ ചെടി പൂത്ത് നിറഞ്ഞു നിൽക്കും. പൂക്കളിൽ നിന്നുള്ള തേൻ നുകരാൻ ചിത്ര ശലഭങ്ങളും തേനീച്ചകളും എത്തുന്നതോടെ പ്രകൃതി ഒരുക്കിയ വർണവസന്തമായി ഇത് മാറും.
കർണാടകയിലെ ജോലിസ്ഥലത്തുനിന്നുമാണ് പുരുഷോത്തമൻ മണിമുല്ലയുടെ തൈ വീട്ടുമുറ്റത്ത് കൊണ്ടുവന്ന് നട്ടത്. പൂത്തു നിൽക്കുന്ന ചെടി കാണുവാനും തൈകൾ ആവശ്യപ്പെട്ടും നിരവധി ആളുകൾ എത്തുന്നുണ്ട്. നല്ലൊരു കർഷകൻ കൂടിയായ പുരുഷോത്തമന്റെ വീട്ടുമുറ്റത്ത് നിരവധി വ്യത്യസ്തങ്ങളായ ചെടികളും നട്ടു പിടിപ്പിച്ചിട്ടുണ്ട്.
വീടിനോട് ചേർന്നുള്ള ഒന്പതു സെന്റ് സ്ഥലത്ത് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും പുരുഷോത്തമനും ഭാര്യ വിജയമ്മയും ചേർന്ന് നട്ടു പരിപാലിക്കുന്നു. കൂടാതെ മുരിക്കുംവയലിൽ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് അവിടെ കപ്പയും വാഴയും കൃഷി ചെയ്യുന്നുണ്ട്.