അയ്യപ്പഭക്തന്റെ ബാഗ് കീറി മോഷണം: മൂന്നുപേർ അറസ്റ്റിൽ
1484598
Thursday, December 5, 2024 6:07 AM IST
എരുമേലി: അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശി പളനിസ്വാമി (45), ഡിണ്ടിഗൽ സ്വദേശി മുരുകൻ (58), കുമളി സ്വദേശി ഭഗവതി (53) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെ എരുമേലിയിലെ കൊച്ചമ്പലത്തിൽ നിന്നു വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടത്തുന്ന സമയം ഇവർ ഇതരസംസ്ഥാനത്തുനിന്നു വന്ന അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന പതിനാലായിരത്തോളം രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായി നടത്തിയ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും എരുമേലി പോലീസും നടത്തിയ തെരച്ചിലിൽ ഇവരെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ, എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ ഇ.ഡി. ബിജു, എസ്ഐമാരായ ടി.ജി. രാജേഷ്, അബ്ദുൾ അസീസ്, സിപിഒമാരായ വിനീത്, കെ.എൻ. അനീഷ്, പി.എസ്. അൻസു എന്നിവരും സംഘത്തിലുണ്ടായിരുന്നു.