കാനന പാത തുറന്നു: കാലാവസ്ഥ പ്രതികൂലമായാൽ അടയ്ക്കും
1484597
Thursday, December 5, 2024 6:07 AM IST
എരുമേലി: ശക്തമായ മഴയെ തുടർന്ന് രണ്ട് ദിവസമായി അടച്ചിട്ടിരുന്ന ശബരിമലയിലേക്ക് വനം വഴിയുള്ള പരമ്പരാഗത പാത ഇന്നലെ രാവിലെ തുറന്നു. നിരവധി തീർഥാടകർ ഇന്നലെ കാനനപാതയിലൂടെ ശബരിമലയിലേക്ക് പോയി.
പാതയിൽ താത്കാലിക കച്ചവടക്കാരും സജീവമായി. കോയിക്കക്കാവ്, അഴുത, മുക്കുഴി എന്നിവിടങ്ങളിലാണ് എരുമേലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ അയ്യപ്പ ഭക്തർക്കുള്ള പ്രവേശന മാർഗം. വനപാലകരുടെ സ്ക്വാഡ് പട്രോളിംഗ് നടത്തിയ ശേഷമാണ് പ്രവേശന ഭാഗങ്ങൾ ഇന്നലെ തുറന്നു നൽകിയതെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ പറഞ്ഞു.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് രണ്ട് ദിവസമായി പാത പൂർണമായും അടച്ചിട്ടത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ കളക്ടർമാർ തുടർന്ന് കോടതിക്കു റിപ്പോർട്ട് നൽകി. കാലാവസ്ഥ അനുകൂലമാണെന്നും മഴ മാറിയതിനാൽ അപകട സാധ്യത ഇല്ലെന്നുമുള്ള റിപ്പോർട്ടിനെ തുടർന്ന് പാതയിൽ യാത്രയ്ക്ക് കോടതി അനുമതി നൽകുകയായിരുന്നു.
വീണ്ടും മഴ ശക്തമായാൽ പാത അടച്ചിടേണ്ടി വരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.