കാനനപാതയില്‍ ദുരിതപ്പെയ്ത്ത്; തീര്‍ഥാടകര്‍ വനത്തില്‍ വലഞ്ഞു
1484130
Tuesday, December 3, 2024 7:30 AM IST
കോട്ടയം: ദിവസങ്ങളോളം നഗ്നപാദരായി നടന്ന് എരുമേലി-അഴുത- കരിമല കാനനപാത ചവിട്ടി സന്നിധാനത്തേക്ക് പോകാനെത്തിയ നൂറു കണക്കിന് യാത്രക്കാരാണ് പെരുമഴയില്‍ പെട്ടുപോയത്.
ഇരുമുടിക്കെട്ടും വസ്ത്രങ്ങളും നനഞ്ഞും വിറച്ചും കാനനപാതയില്‍ അകപ്പെട്ടവര്‍ നന്നേ വലഞ്ഞു. മാത്രമല്ല വനപാതയില്‍ അഴുതയും തോടുകളും നീര്‍ച്ചാലുകളും കനത്ത മഴയില്‍ നിറഞ്ഞൊഴുകി. രക്തം കുടിക്കുന്ന അട്ടകളുടെ ആക്രമണം അതിലേറെ ക്ലേശകരം.
ആനയും പന്നിയും ഇന്നലെയും കാനപാതയുടെ സമീപത്ത് എത്തിയിരുന്നു. ഹൈക്കോടതി ഇടപെടലില്‍ എരുമേലി-കാളകെട്ടി- കരിമല കാനനപാതയില്‍ തീര്‍ഥാടര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പ, അഴുത, മണിമല നദികളില്‍ കുളിക്കുന്നതിലും വിലക്കുണ്ട്. അണക്കെട്ടുകള്‍ തുറന്നുവിടാനുള്ള സാധ്യത കൂടുതലാണ്. അതേസമയം, കാനനപാതയില്‍ അഴുതക്കടവില്‍ കൂടി തീര്‍ഥാടകരെ കടത്തിവിടുന്നതിനുള്ള സമയം പുനഃക്രമീകരിക്കണമെന്ന് മലയരയ മഹാസഭ ആവശ്യപ്പെട്ടു.
നിലവില്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു 2.30 വരെയാണു തീര്‍ഥാടകരെ അഴുതക്കടവില്നിന്നു കടത്തിവിടുന്നത്. ഇതുമൂലം ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് ആക്ഷേപം. 2.30നു ശേഷം എത്തുന്ന തീര്‍ഥാടകര്‍ക്കു കാളകെട്ടിയിലും അഴുതക്കടവിലും രാത്രി തങ്ങിയ ശേഷം പിറ്റേന്നു മാത്രമാണു കടന്നുപോകാന്‍ കഴിയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അഴുതക്കടവില്‍ നിന്ന് 3.30 വരെ തീര്‍ഥാടകരെ കടത്തിവിട്ടിരുന്നു. എന്നാല്‍ ഇക്കൊല്ലം ഒരു മണിക്കൂര്‍ കുറച്ചു.