ശബരിമല പാതകൾ മുഖം മിനുക്കി; നാട്ടുവഴികൾ കാടിനേക്കാൾ കഷ്ടം
1479083
Thursday, November 14, 2024 7:29 AM IST
കുറവിലങ്ങാട്: അയ്യപ്പഭക്തരെ വരവേൽക്കാനായി കഴിഞ്ഞ ദിവസങ്ങളിൾ റോഡുകൾ മുഖം മിനുക്കി. കോഴാ -പാലാ റോഡുൾപ്പെടെ വശങ്ങൾ വൃത്തിയാക്കി മനോഹരമാക്കിയിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികൾ റോഡുകളുടെ വൃത്തിയാക്കൽ നിർത്തിയതോടെ പലയിടങ്ങളിലും റോഡുകൾ കാടിനെ തോൽപ്പിക്കുന്ന സ്ഥിതിയിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലയിലെ പ്രധാന റോഡുകളിലെല്ലാം മണ്ണുമാന്തിയെത്തിച്ച് ശുചീകരണം നടത്തി. എംസി റോഡിൽ പലയിടങ്ങളിലും റോഡിന്റെ ശുചീകരണം നടത്തിയത് ശബരിമല തീർഥാടകരടക്കമുള്ളവർക്ക് ആശ്വാസമാണ്. ശബരിമല സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ കരാറുകാരുടെ ഇടപെടൽ ഏറെ ആശ്വാസമായിട്ടുണ്ട്.
പ്രധാന റോഡുകളിലെ കാടുകൾ വെട്ടിത്തെളിച്ചെങ്കിലും ഗ്രാമീണ റോഡുകളുടെ സ്ഥിതി ഏറെ ദയനീയമാണ്. പല ഗ്രാമീണ റോഡുകളിലും കാൽനടയാത്രക്കാർ ഇഴജന്തുക്കളുടെ ഉപദ്രവം ഏൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്. പല റോഡുകളിലും വാഹനങ്ങളിലുള്ള യാത്ര ഏറെ ബുദ്ധിമുട്ടിലായിട്ടുണ്ട്. റോഡരികിൽനിന്ന് വളർന്നുനിൽക്കുന്ന കാടും പള്ളയും വാഹനങ്ങളിൽ തട്ടി കേടുപാടുകളുണ്ടാകുന്നത് സാധാരണമാണ്.
റോഡിന്റെ മധ്യഭാഗം മാത്രമാണ് പലയിടങ്ങളിലും കാണാൻപോലും കഴിയുന്നത്. ബാക്കി ഭാഗം കാട് കയറിയ നിലയിലായതിനാൽ വാഹനങ്ങൾക്ക് ധൈര്യമായി സൈഡ് നൽകാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. കാടുകയറിയ നാട്ടുവഴികൾ പലതും ടാറിംഗ് തകർന്നതിനാൽ ചെളിവെള്ളം നിറഞ്ഞാണ് കിടപ്പ്. ഇതും അപകടഭീഷണി ഉയർത്തുന്നുണ്ട്.