ജല ഗുണനിലവാര പരിശോധനാ ലാബ് പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താം
1478941
Thursday, November 14, 2024 5:30 AM IST
പാലാ: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ജല ഗുണനിലവാര പരിശോധന ലാബ് പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കലിന്റെ ശ്രമഫലമായി ഭരണങ്ങാനം ഡിവിഷനില്‍ മൂന്നു സ്കൂളുകളിലാണ് ലാബ് സ്ഥാപിച്ചിരിക്കുന്നത്.
കരൂര്‍ പഞ്ചായത്തിലെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മീനച്ചില്‍ പഞ്ചായത്തിലെ വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഭരണങ്ങാനം പഞ്ചായത്തിലെ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് ജല ഗുണനിലവാര പരിശോധന ലാബ് സ്ഥാപിച്ചിരിക്കുന്നത്.
സ്കൂള്‍ ടൈമില്‍ പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ജലം പരിശോധനയ്ക്കായി നല്‍കാം. ശുദ്ധമായ കുപ്പിയില്‍ ശേഖരിച്ച 250 മില്ലി ലിറ്റര്‍ വെള്ളമാണ് പരിശോധനയ്ക്കായി കൊണ്ടുവരേണ്ടത്.
കെമിസ്ട്രി ലാബുകളുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് ലാബ് സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണമായും സൗജന്യമായാണ് പരിശോധന നടത്തുന്നത്.
24 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം വാട്സാപ്പില്‍ ലഭിക്കുന്ന വിധമാണ് പരിശോധനാ ലാബ് ക്രമീകരിച്ചിരിക്കുന്നത്.