വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി
1478829
Wednesday, November 13, 2024 7:26 AM IST
വൈക്കം: പഞ്ചാക്ഷരി മന്ത്ര മുഖരിതമായ ഭക്തിനിർഭര അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിനു കൊടിയേറി.
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഇന്നലെ രാവിലെ എട്ടിനും 8.45നും മധ്യേയാണ് കൊടിയേറ്റിയത്. ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദീപം തെളിഞ്ഞു.
കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ഹരിശ്രീ അശോകൻ ദീപം തെളിച്ചു. കൊടിയേറ്റ് ദർശനപുണ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. കൊടിയേറ്റിനു ശേഷം ആദ്യ ശ്രീബലി നടന്നു. രാത്രി ഒന്പതിന് കൊടിപ്പുറത്തു വിളക്കും നടന്നു.
വൈക്കത്തഷ്ടമിക്ക് കൊടിയേറിയതോടെ 12 ദിനരാത്രങ്ങൾ ക്ഷേത്രനഗരി ഉത്സവ ലഹരിയിലാഴും. ഏഴാം ഉത്സവ ദിനത്തിൽ രാത്രി 11ന് ഋഷഭ വാഹനമെഴുന്നള്ളിപ്പ്. വൈക്കത്തഷ്ടമി ദിനത്തിൽ രാവിലെ 4.30ന് അഷ്ടമി ദർശനം, 11ന് പ്രാതൽ, രാത്രി 10ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്. 24ന് ആറാട്ടോടെ ഉത്സവം സമാപിക്കും.