ബാബു മണര്കാട്ടിന് ആദരാഞ്ജലി
1478739
Wednesday, November 13, 2024 5:59 AM IST
പാലാ: അന്തരിച്ച വ്യവസായിയും പ്ലാന്ററും പാലാ നഗരസഭാ മുന്‍ ചെയർമാനുമായിരുന്ന ബാബു മണര്കാട്ടിന് (78) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ എത്തിച്ച ഭൗതികശരീരം നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തേലും കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി.
തുടര്‍ന്ന് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ നൂറുകണക്കിനാളുകള്‍ പുഷ്പാര്‍ച്ചന നടത്തി. നഗരസഭാ ജീവനക്കാരും വിവിധ മേഖലയിലെ തൊഴിലാളികളും രാഷ്ട്രീയപ്രവര്‍ത്തകരും വ്യാപാരി വ്യവസായി അംഗങ്ങളും ടൗണ്‍ഹാളില്‍ എത്തിയിരുന്നു.
തുടര്‍ന്ന് മൃതദേഹം മണര്‍കാട്ട് വസതിയില്‍ എത്തിച്ചു. മന്ത്രി റോഷി അഗസ്റ്റിന്, ബെന്നി ബെഹനാന് എംപി, എംഎൽഎമാരായ മാണി സി. കാപ്പന്, എം.എം. മണി, രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ബിജു പുന്നത്താനം തുടങ്ങിയവര്‍ ഭവനത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് വസതിയില്‍ ആരംഭിച്ച് പാലാ കത്തീഡ്രല്‍ പള്ളിയില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തിൽ നടക്കും. 10.30നു കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ അനുസ്മരണ സമ്മേളനം നടക്കും.
വ്യാപാരസ്ഥാപനങ്ങള്‍ 10.30 വരെ അടച്ചിടും
പാലാ: നഗരസഭാ മുന്‍ ചെയര്മാന് ബാബു മണര്‍കാട്ടിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്നു രാവിലെ 10.30 വരെ പാലായിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍ അറിയിച്ചു.