ഇതരസംസ്ഥാനക്കാരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
1467275
Thursday, November 7, 2024 7:18 AM IST
കോട്ടയം: ഇതരസംസ്ഥാനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചെമ്മരപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ എസ്. കലേബ് (22), പട്ടാകുളം അഖില്‍കുമാര്‍ (26), കറുകച്ചാൽ ഉമ്പിടി തച്ചുകുളത്ത് രാഹുൽ മോൻ(23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം പുതുപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മുറിയിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ബീഹാർ സ്വദേശിയുടെ സുഹൃത്തിനെ ഇവർ മർദിച്ചപ്പോൾ അയാൾ ബീഹാറികൾ താമസിക്കുന്ന മുറിയിലേക്ക് ഓടിക്കയറി. അയാളെ പിന്തുടർന്നുവന്ന പ്രതികൾ മുറിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ ഇതരസംസ്ഥാനക്കാരൻ ജോലി ചെയ്യുന്ന പുതുപ്പള്ളി ചാലുങ്കൽപ്പടി ഭാഗത്തുള്ള സ്ഥാപനത്തിന്റെ ഗ്ലാസ് എറിഞ്ഞുതകർക്കുകയും ചെയ്തു. പരാതിയെത്തുടർന്ന് ഈസ്റ്റ് പോലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിൽ ഇവരെ വിവിധ സ്ഥലങ്ങളിൽനിന്നായി പിടികൂടുകയായിരുന്നു. കലേബിനും അഖിലിനും ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.