എനിക്ക് കരുതലായി മാറിയ എം.ടി
1490242
Friday, December 27, 2024 5:42 AM IST
സിനിമാ ജീവിതത്തിൽ എന്നെ വളർച്ചയിലേക്കു കൈപിടിച്ചുയർത്തിയ മഹാ ഗുരുഭൂതനായിരുന്നു എം.ടി. വാസുദേവൻ നായർ. സിനിമകളിലെ ചെറിയ വേഷവുമായി ഞാനെന്റെ ജീവിതം തുടങ്ങിയ സമയത്താണ് പെരുന്തച്ചൻ സിനിമയുടെ ഷൂട്ടിംഗ് മംഗലാപുരത്ത് നടക്കുന്നത്.
സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചതിൻപ്രകാരം ഞാൻ മംഗലാപുരത്തെത്തി. ചെറിയ വേഷങ്ങൾ അഭിനയിച്ചുകൊണ്ടിരുന്ന എനിക്ക് തിലകൻ അഭിനയിക്കുന്ന പെരുന്തച്ചനിൽ അവസരം കിട്ടുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു.
സിനിമയുടെ നിർമാതാവുമായി സംസാരിച്ചപ്പോൾ എം.ടി സാർ വരാതെ ഒന്നും നടക്കില്ലെന്നും സാർ വന്ന് രണ്ടുമൂന്ന് ഷോട്ടുകളെടുത്തശേഷം മനോജിനെ ഇഷ്ടപ്പെട്ടെങ്കിലെ തീരുമാനമുണ്ടാവുകയുള്ളൂ എന്നുമാണ് അറിയാൻ സാധിച്ചത്. മടങ്ങിപ്പോകേണ്ടി വന്നാൽ വിഷമം തോന്നരുതെന്നും നിർമാതാവായ ജി. ജയകുമാർ എന്നോടു പറഞ്ഞു.
എന്നാൽ ജീവിതത്തിന്റെ ഭാഗ്യമെന്നു പറയട്ടെ പെരുന്തച്ചൻ, പരിണയം, സുകൃതം, പഴശിരാജ എന്നിങ്ങനെ എം.ടി. സാറിന്റെ നാലു സിനിമകളിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. അധികമൊന്നും സംസാരിക്കാത്ത എം.ടി. എന്ന മഹാവൃക്ഷത്തിനു മുൻപിൽ ഞാൻ എത്രയോ ചെറുതാണെങ്കിലും നന്നായിട്ടൊരു വേഷം കൈകാര്യം ചെയ്താൽ അദ്ദേഹം തോളിൽ തട്ടി അഭിനന്ദനം അറിയിക്കാതെ പോകാറില്ലായിരുന്നു.
ആ കണ്ണുകളിലെന്നും സ്നേഹവും കരുണയും ഉണ്ടായിരുന്നു. പഴശിരാജയുടെ ഷൂട്ടിംഗ് സമയത്ത് അദ്ദേഹം നൽകിയ നിർദേശങ്ങളും ചേർത്തുപിടിക്കലുകളും ഒരുകാലത്തും വിസ്മരിക്കാൻ സാധ്യമല്ല.
എം.ടി. എന്ന ഇതിഹാസ മനുഷ്യൻ എഴുതിയ തിരക്കഥ വായിക്കാൻ, അതിലൂടെ കഥാപാത്രത്തിനു ജീവൻ നൽകാൻ ഞാനുൾപ്പെടുന്ന കലാകാരൻമാർക്ക് അവസരങ്ങൾ ലഭിച്ചത് ജീവിതത്തിന്റെ സുകൃതമാണ്. അധികമൊന്നും സംസാരിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ലൊക്കേഷനുകളിലൊക്കെ തികഞ്ഞ കർക്കശക്കാരനാണ്.
പെരുന്തച്ചനിലേക്ക് എന്തുകൊണ്ടാണ് എന്നെ വിളിച്ചത് എന്ന് ഒരിക്കൽ നേരിൽക്കണ്ടപ്പോൾ ചോദിച്ചതിന്, മനോജിനെ ഞാനാണ് ഈ വേഷത്തിന് നിർദേശിച്ചത് എന്നായിരുന്നു മറുപടി. ചേർത്തു നിർത്തലിന്റെയും കരുതലിന്റെയും അനുഭവങ്ങളാണ് എനിക്ക് എംടി എന്ന രണ്ടക്ഷരം. സാറിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.....