റോഡരികില്‍ കട്ടിലിലില്‍ കിടന്ന് യുവാവിന്റെ വേറിട്ട സമരം
1490292
Friday, December 27, 2024 6:48 AM IST
കടുത്തുരുത്തി: തകര്‍ന്ന റോഡ് നന്നാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചു റോഡരികില്‍ കട്ടിലിലില്‍ കിടന്ന് നാട്ടുകാരനായ യുവാവിന്റെ വേറിട്ട സമരം. റോഡിലൂടെ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ കട്ടില് എന്ന പേരിലായിരുന്നു സമരം നടത്തിയത്. കടുത്തുരുത്തി - പെരുവ റോഡിന്റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരനായ അലരി പ്ലാച്ചേരിതടത്തില് രഞ്ജുമോന്‍ (37) ക്രിസ്മസ് ദിനത്തില്‍ വേറിട്ട സമരം നടത്തിയത്.
മുമ്പ് തിരുവോണദിനത്തില്‍ ഇതേ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കിയും രഞ്ജു ഒറ്റയാള്‍ സമരം നടത്തിയിരുന്നു.
തകര്‍ന്ന റോഡിലൂടെ വണ്ടിയോടിച്ചെത്തുമ്പോള് നടുവിന് പരിക്കേല്‍ക്കുന്നവര്‍ക്ക് വിശ്രമിക്കാന്‍ കട്ടില് എന്ന് കാണിക്കുന്ന ഫ്ളെക്സും സ്ഥാപിച്ചായിരുന്നു സമരം. നാട്ടുകാരും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. ഗതാഗതത്തിന് തടസമുണ്ടാക്കരുതെന്ന പോലീസ് നിര്‍ദേശം പാലിച്ചായിരുന്നു സമരം.
റോഡ് നന്നാക്കാന്‍ പണമില്ലെങ്കില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കട്ടിലിന് സമീപം ഫണ്ട് സ്വീകരിക്കാന്‍ ബക്കറ്റും സ്ഥാപിച്ചിരുന്നു. രാവിലെ പത്തിന് തുടങ്ങിയ സമരം ഒരു മണിക്കൂറോളം നീണ്ടു.