ശബരിമല പാതയിൽ വാഹനങ്ങൾക്ക് അമിതവേഗം
1490249
Friday, December 27, 2024 5:49 AM IST
എരുമേലി: ശബരിമല പാതയിൽ അമിത വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നതായി പരാതി. അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങളും പമ്പയിലേക്ക് പോയി വരുന്ന കെഎസ്ആർടിസി ബസുകളും അപകടകരമായ വേഗത്തിൽ സഞ്ചരിക്കുന്നത് പതിവായെന്ന് നാട്ടുകാർ പറയുന്നു.
വാഹന വേഗത നിയന്ത്രിച്ചില്ലെങ്കിൽ അപകടങ്ങൾ വർധിക്കുമെന്ന് ആശങ്ക ശക്തമായിരിക്കുകയാണ്. ഒട്ടേറെ അപകടങ്ങളാണ് ഇത്തവണ ശബരിമല തീർഥാടനകാലം ആരംഭിച്ച ശേഷം നടന്നത്. അതീവ അപകട സാധ്യത മേഖലയായ കണമല ഇറക്കത്തിൽ വാഹന വേഗത നിയന്ത്രണവിധേയമാക്കാൻ പോലീസ് ഡ്യൂട്ടിയിലുണ്ടായിട്ടും അപകടങ്ങൾ സംഭവിക്കുകയാണ്.
ഇടുങ്ങിയതും ജനത്തിരക്കേറിയതുമായ മുക്കൂട്ടുതറ ടൗണിൽ അപകട സാധ്യതയേറിയിരിക്കുകയാണ്. കരിങ്കല്ലുമുഴി, ചെമ്പകപ്പാറ, മണിപ്പുഴ, മീനടംപടി, മാറിടം കവല, 35 ജംഗ്ഷൻ, 40 ഏക്കർ, മുട്ടപ്പള്ളി, പാണപിലാവ്, ചീനിമരം, എരുത്വാപ്പുഴ എന്നീ ഭാഗങ്ങളിൽ വാഹനങ്ങളുടെ അമിത വേഗം മൂലം റോഡ് മുറിച്ചു കടക്കുന്നത് ഭീതിയിലാണെന്ന് നാട്ടുകാർ പറയുന്നു.