അയ്യപ്പഭക്തരില്ലാതെ എരുമേലി; കോടി കടന്ന് ആനവണ്ടി വരുമാനം
1490261
Friday, December 27, 2024 5:57 AM IST
എരുമേലി: ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും. ഇന്നലെ വൈകുന്നേരത്തോടെ എരുമേലിയിൽ അയ്യപ്പഭക്തരുടെ സാന്നിധ്യം വിരളമായി. എല്ലാവരും ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ദർശിക്കാനായി മല കയറി. 41 ദിനങ്ങൾ ഉള്ള മണ്ഡലകാലം ഇത്തവണ കച്ചവടക്കാർക്ക് കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല.
മണ്ഡല കാലത്തെ കച്ചവടത്തിലാണ് സാധാരണയായി മുടക്കുമുതൽതിരിച്ചു കിട്ടുന്നത്. ലാഭം ലഭിക്കുക ഇനിയുള്ള മകരവിളക്ക് സീസണിലാണ്. എന്നാൽ മിക്കവർക്കും ഇത്തവണ വരുമാനം ഇടിഞ്ഞ നിലയിലായിരുന്നു. അതേസമയം കെഎസ്ആർടിസിക്ക് നേട്ടമാണ്. ഇത്തവണ മണ്ഡലകാലത്ത് ഇന്നലെവരെയുള്ള കളക്ഷൻ ഒരു കോടി 60 ലക്ഷത്തിൽപരമാണ്.
ഇന്നത്തെ കളക്ഷൻകൂടി ആകുമ്പോൾ തുക കൂടും. കഴിഞ്ഞ സീസണിലെ മണ്ഡല കാലത്തെ കളക്ഷനെക്കാൾ ഇപ്പോൾ 20 ലക്ഷത്തിൽ പരം രൂപയുടെ വർധനവുണ്ട്. ഒപ്പം യാത്രക്കാരുടെയും ട്രിപ്പുകളുടെയും എണ്ണത്തിലും വർധനവുണ്ട്. കണക്ക് കൃത്യമായി ഇന്നാണ് ലഭ്യമാവുക.
കക്കൂസ് മാലിന്യങ്ങളില്ല
ശുചിമുറി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം സാധ്യമായി എന്നുള്ളതാണ് ഇത്തവണ ഏറ്റവും ശ്രദ്ധേയമായത്. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ പ്രത്യേക ഇടപെടൽ നടത്തി. ജില്ലാ ശുചിത്വ മിഷന്റെ മേൽനോട്ടത്തിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എരുമേലിയിൽ എത്തിച്ചിരുന്നു. മുൻകാല സീസണുകളിൽ ശുചിമുറി മാലിന്യങ്ങൾ തോട്ടിൽ ഒഴുക്കിയിരുന്ന ഒട്ടേറെ സംഭവങ്ങളും പരാതികളും ഉണ്ടായിരുന്നു.
പോലീസിനെതിരേ പരാതി
മണ്ഡല കാലത്തിന്റെ അവസാനം പോലീസിനെതിരെ പൊതുജനങ്ങൾക്കിടയിൽ മോശമായ അഭിപ്രായം ശക്തമാവുകയാണ്. ക്രിമിനലുകളോട് പെരുമാറുന്ന രീതിയിൽ പോലീസ് പൊതുജനങ്ങളോട് സംസാരിക്കുന്നു, ഇടപെടുന്നു എന്ന പരാതി വ്യാപകമാണ്.
അപകടങ്ങൾ കുറഞ്ഞില്ല
ശബരിമല പാതകളിൽ ഒട്ടേറെ അപകടങ്ങൾ ഇത്തവണയും മണ്ഡലകാലത്തുണ്ടായി. കണമല ഇറക്കവും കണ്ണിമല ഇറക്കവും ആണ് കൂടുതൽ അപകട സംഭവങ്ങൾക്ക് വേദിയായത്. മോട്ടോർ വാഹന വകുപ്പിലെ റോഡ് സേഫ് സോൺ വിഭാഗം അപകട സംഭവങ്ങളിൽ ഓടിയെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പ്രത്യേകം ശ്രദ്ധേയമായി.
അതേസമയം നദികളിൽ ഇത്തവണ അപകട സംഭവങ്ങൾ ഒന്നുമില്ല. മുൻ സീസണുകളിൽ തീർത്ഥാടകർ മുങ്ങി മരിച്ച സംഭവങ്ങൾ വർധിച്ചിരുന്നു. പോലീസും പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളും കടവുകളിൽ ഡ്യൂട്ടിയിൽ ഉള്ളത് ഇത്തവണ അപകടങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.
വിശുദ്ധി കാത്ത് സേന
125 പേരടങ്ങുന്ന വിശുദ്ധി സേനയുടെ ദിവസേനയുള്ള എരുമേലി ടൗൺ ശുചീകരണം മികച്ചതായിരുന്നു. വിവിധ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂർ സേവനം നടത്തുന്ന സേന ഇന്നലെയും സജീവമായിരുന്നു. ഇന്നലെ അയ്യപ്പ ഭക്തർ ഒഴിഞ്ഞതോടെ ടൗൺ പൂർണമായി വൃത്തിയാക്കി സേന. തമിഴ്നാട്ടുകാരായ സേനാംഗങ്ങൾക്ക് ഇത്തവണ വേതനം വൈകില്ലെന്ന് മേൽനോട്ട ചുമതലയുള്ള ആരോഗ്യ വകുപ്പ് അറിയിച്ചു. മുൻ സീസണുകളിൽ ഇവരുടെ വേതനം മുടങ്ങിയിരുന്നു.
പരിശോധന ശക്തം
ആരോഗ്യ വകുപ്പ്, വിജിലൻസ് സ്ക്വാഡ് തുടങ്ങി വിവിധ വകുപ്പുകൾ ശബരിമല സീസൺ സ്ഥാപനങ്ങളിൽ ദിവസേന പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗം മൊബൈൽ ടെസ്റ്റ് ലാബ് വാഹനം സജ്ജമാക്കിയിരുന്നു. ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് മാലിന്യ സംസ്കരണത്തിന് കൺട്രോൾ റൂം തുറന്നെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ശുചിത്വ പാലനത്തിൽ വീഴ്ച വരുത്തിയ നിരവധി സ്ഥാപനങ്ങളിൽ പിഴ ഈടാക്കി. കച്ചവട ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു.