പുലിക്കുന്ന് ഇല്ലിക്കൂപ്പിൽ മാലിന്യംതള്ളൽ രൂക്ഷം
1490247
Friday, December 27, 2024 5:42 AM IST
മുണ്ടക്കയം: പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ പുലിക്കുന്നിന് സമീപമുള്ള ഇല്ലിക്കൂപ്പിൽ മാലിന്യനിക്ഷേപം വ്യാപകമാകുന്നു. ദൂരസ്ഥലങ്ങളിൽനിന്നുവരെ വാഹനങ്ങളിലും അല്ലാതെയും വലിയ തോതിലാണ് ഇവിടെ കൊണ്ടുവന്ന് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയുമടക്കം ലോഡ് കണക്കിന് മാലിന്യം ചാക്കിൽ കെട്ടി ഇല്ലിക്കൂപ്പിൽ വലിച്ചെറിഞ്ഞിരിക്കുകയാണ്. ഇതോടെ പ്രദേശമാകെ ദുർഗന്ധപൂരിതമാണ്.
രാത്രികാലങ്ങളിൽ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങൾ മാലിന്യങ്ങൾ തിന്നാൻ എത്തുന്നത് വാഹന യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയായി മാറിയിരി ക്കുന്നു. ഒപ്പം തെരുവുനായശല്യംക ൂടിയാകുന്നതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി.
കൂമ്പാരമായി കിടക്കുന്ന മാലിന്യത്തിൽനിന്നു മലിനജലം സമീപത്തെ അരുവിയിലേക്ക് ഒഴുകിയെത്തുന്നത് പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയും വർധിപ്പിക്കുകയാണ്.
പ്രധാന തീർഥാടന പാതയായ ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. വ്യാപക മാലിന്യ നിക്ഷേപം മൂലം ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ മൂക്കുപൊത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മേഖലയിൽ മാലിന്യ നിക്ഷേപം പതിവായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ ബോർഡ് സ്ഥാപിച്ചെങ്കിലും ഇതിനെല്ലാം പുല്ലുവിലയാണ് സാമൂഹ്യവിരുദ്ധർ നൽകുന്നത്.
മേഖലയിൽ രാത്രികാലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുകയും ഇതോടൊപ്പം റോഡിന്റെ വശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് മനോഹരമായ ഇല്ലിക്കൂപ്പിൽ പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ ഒരുക്കിയാൽ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ഒരിടം കൂടിയായി ഇവിടം മാറ്റിയെടുക്കാൻ കഴിയും. ഒപ്പം മേഖലയിലെ മാലിന്യ നിക്ഷേപം തടയുന്നതിനും ഇത് സഹായകരമാകും.