പഴയിടം നമ്പൂതിരിക്ക് രണ്ടാമൂഴം ജീവിതം സമ്മാനിച്ച എംടി
1490243
Friday, December 27, 2024 5:42 AM IST
റെജി ജോസഫ്
കോട്ടയം: പാചകപുണ്യത്തില് പ്രമാണിയായ പഴയിടം മോഹനന് നമ്പൂതിരിയെ ആത്മഹത്യയില്‍നിന്ന് ജീവിതത്തിലേക്ക് മടക്കിവിളിച്ചത് എം.ടി. വാസുദേവന്‍നായരാണ്. രസതന്ത്രബിരുദം നേടിയെങ്കിലും പഴയിടത്തിന് യൗവനം അത്ര രസകരമായിരുന്നില്ല. പല പരീക്ഷകളെഴുതിയെങ്കിലും ജോലിയൊന്നും ലഭിച്ചില്ല. സ്കൂള്‍, കോളജ് ലാബുകള്‍ക്ക് ഉപകരണ വിതരണം തുടങ്ങിയപ്പോള്‍ അതും പരാജയം.
ഇരുപത്തിയാറാം വയസില്‍ പാപ്പരായി നടന്ന കാലത്ത് ജീവിതം അവസാനിപ്പിക്കാന്‍ പഴയിടം തീരുമാനിച്ചു. കുറിച്ചിത്താനത്തെ ഇല്ലത്തുനിന്നും മരണവഴി തേടിയിറങ്ങിയ മോഹനന് നമ്പൂതിരി കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഒരു മാടക്കടയില്‍ തൂക്കിയിട്ട ആഴ്ചപ്പതിപ്പിന്റെ കവര്‍ പേജില്‍ എംടിയുടെ നോവല്‍ രണ്ടാമൂഴം തുടങ്ങുന്ന വലിയക്ഷരം കാണാനിടയായി. ഓടിയിറങ്ങി ആഴ്ചപ്പതിപ്പ് വാങ്ങി. അന്ന് കടലിന് കറുത്ത നിറമായിരുന്നു എന്ന ആദ്യവാചകം മുതല്‍ കടത്തിണ്ണയില്‍ ഒറ്റയിരുപ്പില്‍ വായിച്ചു.
യാത്ര എന്ന അധ്യായം രണ്ടുമൂന്നുവട്ടം വായിച്ചു. അകത്തും പുറത്തും ഇരുള് പരന്ന കാലം. നോവലിന്റെ എല്ലാ അധ്യായങ്ങളും തീരുംവരെ ജീവിച്ചിരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 51 ലക്കങ്ങളിലൂടെ പല തവണ സഞ്ചരിച്ചു. നോവല്‍ വായിക്കുകയായിരുന്നില്ല പഴയിടം കഥാപാത്രങ്ങളെ അനുഭവമായി ആവാഹിക്കുകയായിരുന്നു. മാന്ത്രികസിദ്ധിയുള്ള എം.ടി. വാസുദേവന്‍നായരുടെ വാക്കുകള്‍ പഴയിടത്തിന്റെ മനസില്‍ പുതിയൊരു ജീവിതത്തെക്കുറിച്ചുള്ള പുതുനാമ്പുകളായി പച്ചവിരിച്ചു.
അക്കാലത്ത് കുറിച്ചിത്താനം അമ്പലത്തില്‍ നാമജപത്തിനു വരുന്നവര്‍ക്ക് ഭക്ഷണം നല്കാന് സഹായിക്കണമെന്ന് മേല്‍ശാന്തി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ഒപ്പം കൂടി. ആദ്യപാചകം രുചിയില്‍ മോശമായില്ല. അക്കാലത്താണ് ഒരു ചടങ്ങില്‍ പാചകവിദഗ്ധന്‍ മലമേല്‍ നീലകണ്ഠന് നമ്പൂതിരിയെ കാണുന്നത്. വെറുതേയിരിക്കുകയാണെങ്കില് ഒപ്പം കൂടാന്‍ അദ്ദേഹത്തിന്റെ ക്ഷണം. അതോടെ ആ പാചകവഴിയും തുറന്നു.
അന്നൊരിക്കല്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി പഴയിടത്തെ വിളിച്ചു. തിരുവനന്തപുരത്ത് ഒരു സപ്താഹത്തിന് ഭക്ഷണം ഒരുക്കണം. സപ്താഹത്തില് ഒരു ദിവസം തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കും. രാജകുടുംബാംഗങ്ങള്‍ക്കും മോഹനന് നമ്പൂതിരിയുടെ ഭക്ഷണം ഇഷ്ടമായി. പാചകക്കാരനെ അഭിനന്ദിക്കുക മാത്രമല്ല പേരും നാടും ചോദിച്ചായിരുന്നു അവരുടെ മടക്കം.
അവര്‍ മറന്നില്ലെന്നു മാത്രമല്ല ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കൊട്ടാരത്തില്‍നിന്നും വിളിവന്നു. ലേഖത്തമ്പുരാട്ടിയെ കൊട്ടാരത്തിലേക്ക് ദത്തെടുക്കുന്ന ചടങ്ങിനുമുമ്പ് ചെറിയൊരു സദ്യയൊരുക്കണം. കുടുംബം മാത്രം പങ്കെടുക്കുന്ന ചടങ്ങാണ്. അന്നൊരുക്കിയ വെജിറ്റേറിയന്‍ ഭക്ഷണമാണ് പഴയിടം വിശിഷ്ടവ്യക്തികള്‍ക്ക് ഒരുക്കിയ ആദ്യത്തെ സദ്യ.
ഭാഗ്യനക്ഷത്രമായ ആ കൈപ്പുണ്യമാണ് പഴയിടം മോഹനന് നമ്പൂതിരിയെ കേരളത്തിലെ അറിയപ്പെടുന്ന പാചകക്കാരനാക്കിയതും മുപ്പതിലേറെ രാജ്യങ്ങളില്‍ പോയി മലയാളികള്‍ക്ക് രുചി പകരാനായതും.
രണ്ടാമൂഴത്തിലൂടെ നിരാശയുടെ ഇരുള് മായിച്ച എംടിയുടെ എല്ലാ പുസ്തകങ്ങളും ആറേഴു തവണ പഴയിടം ആരാധനയോടെ വായിച്ചനുഭവിച്ചിട്ടുണ്ട്.
തനിക്ക് പുനര്ജന്മം പകര്‍ന്ന മലയാളത്തിന്റെ കഥാമാന്ത്രികന് എംടിയെ ഒരിക്കലെങ്കിലും നേരിട്ടു കാണണമെന്നും രണ്ടാമൂഴത്തിന്റെ ഒരു കോപ്പിയില്‍ കൈയൊപ്പു ചാര്ത്തിക്കിട്ടണമെന്നും പഴയിടം നമ്പൂതിരിക്ക് വല്ലാത്ത മോഹമുണ്ടായിരുന്നു. അതിന് അവസരം വന്നത് 2015ലെ കോഴിക്കോട് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലാണ്. കലാമേളയുടെ സമാപനത്തില്‍ വിശിഷ്ടാതിഥി ജ്ഞാനപീഠം കയറിയ മലയാളത്തിന്റെ അഭിമാനം എംടിയായിരുന്നു.
പഴയിടം എംടിയെ കത്തെഴുതി തന്റെ പാചകപ്പുരയിലേക്ക് മുന്നേ ക്ഷണിച്ചിരുന്നു. ആതിഥ്യം സ്വീകരിച്ച എംടി പഴയിടത്തെ കാണാന്‍ കോഴിക്കോട് കലോത്സവത്തിലെ പാചകപ്പുരയിലെത്തിയത് വെറുംകൈയോടെയായിരുന്നില്ല. ഒന്നാം പേജില്‍തന്നെ എംടി പേരെഴുതി കൈയൊപ്പിട്ട് രണ്ടാമൂഴത്തിന്റെ പുതിയ എഡിഷന് കോപ്പി സമ്മാനിച്ചപ്പോൾ പഴയിടത്തിന്റെ കൈകള്‍ വിറച്ചു, കണ്ഠമിടറി, കണ്ണുനിറഞ്ഞു. പച്ചക്കറികള്‍ കൊണ്ട് ഒരുക്കിയ അലങ്കാരബൊക്കെ നല്‍കിയാണ് എംടിയെ വരവേറ്റത്.
കുവൈറ്റില്‍ പാചകത്തിന് പോയപ്പോള്‍ പ്രവാസി മലയാളികള്‍ സമ്മാനിച്ച വെള്ളികെട്ടിയ വിലയേറിയ മുണ്ട് പഴയിടം ആ വേദിയില്‍ എംടിക്ക് സമ്മാനിച്ചു. അന്ന് തന്റെ രുചി വിഭവങ്ങള്‍ കൂട്ടി എംടിക്ക് ഊണു വിളമ്പിക്കൊടുക്കാനായതും പഴയിടത്തിന് അവിസ്മരണീയ ഓര്മ. കാലം കാലാതീതം എന്ന പുസ്തകത്തില്‍ പഴയിടത്തിന്റെ ജീവിതാനുഭവങ്ങളും കോഴിക്കോട്ട് നേരില്‍ കാണാനായതും എംടി എഴുതിയിട്ടുണ്ട്.