മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനു കൊടിയേറി
1490238
Friday, December 27, 2024 5:41 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ 11ന് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് കൊടിയേറ്റുകർമം നിർവഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ കൊടിയേറ്റിന് സാക്ഷ്യം വഹിച്ചു.
കൊടിയേറ്റിനു ശേഷം മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മാന്നാനം ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, ചെത്തിപ്പുഴ ആശ്രമം പ്രിയോർ ഫാ തോമസ് കല്ലുകളം സിഎംഐ എന്നിവർ സഹകാർമികരായിരുന്നു.
ആധ്യാത്മികതയും സാമൂഹിക പ്രതിബദ്ധതയും ഉള്ളിൽ അഗ്നിയായി കൊണ്ടുനടന്ന വിശുദ്ധനാണ് ചാവറ പിതാവെന്ന് കർദിനാൾ മാർ കൂവക്കാട്ട് വിശുദ്ധ കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ പറഞ്ഞു. സമൂഹത്തിൽ വേദന അനുഭവിക്കുന്നവരെ ഹൃദയത്തിൽ സ്വീകരിച്ച് ആത്മാർഥതയോടെ അവരുടെ ദുഃഖം ഇല്ലാതാക്കാൻ ശ്രമിച്ച ചാവറയച്ചന്റെ മാതൃക പിഞ്ചെല്ലാൻ കർദിനാൾ വിശ്വാസികളെ ആഹ്വാനം ചെയ്തു.
ആശ്രമ ദേവാലയത്തിൽ എത്തിയ കർദിനാളിന് ഹൃദ്യമായ വരവേൽപു നൽകി. പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടിയുടെ നേതൃത്വത്തിൽ കർദിനാളിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കൽ പ്രാർഥിച്ച കർദിനാൾ വിശ്വാസികൾക്ക് ആശീർവാദം നൽകി. തുടർന്നായിരുന്നു കൊടിയേറ്റ്.
1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനവും വണക്കവും ഇന്നുമുതൽ
1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനവും വണക്കവും ഇന്ന് ആരംഭിച്ച് 29ന് സമാപിക്കും. ഇന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ് പ്രദർശനം ഉദ്ഘാടനം ചെയ്യും.
ആശ്രമ ദേവാലയത്തോടു ചേർന്ന് പ്രത്യേകം തയാറാക്കിയ പന്തലിൽ പ്രതിഷ്ഠിക്കുന്ന തിരുശേഷിപ്പുകൾ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ വിശ്വാസികൾക്ക് വണങ്ങാൻ സൗകര്യമുണ്ടായിരിക്കും.വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപ പ്രതിഷ്ഠ ഇന്ന് വൈകുന്നേരം 6.30ന് നടക്കും.
മാന്നാനം ആശ്രമ ദേവാലയത്തിൽ ഇന്ന്
(കുഞ്ഞിപ്പൈതങ്ങളുടെ ദിനം,തിരുശേഷിപ്പ്
പ്രദർശനം)
രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. 7.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. 11ന് വിശുദ്ധ കുർബാന (മലങ്കര ക്രമത്തിൽ), പ്രസംഗം, മധ്യസ്ഥ പ്രാർഥന - ബിഷപ് മാത്യൂസ് മാർ പോളികാർപ്പസ് (തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ). 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം ഉദ്ഘാടനം.
ഉച്ചയ്ക്കു 12 മുതൽ രണ്ടുവരെ വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും. വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന - ഫാ. ജോസി കൊല്ലമാലിൽ സിഎംഐ. 6.30ന് വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കൽ.