എംടിയുടെ രചനകളേറെയും വെളിച്ചംകണ്ടത് അക്ഷരനഗരിയില്നിന്ന്
1490262
Friday, December 27, 2024 5:57 AM IST
കോട്ടയം: എംടിയുടെ വിസ്മയ, വിഖ്യാത സാഹിത്യ സൃഷ്ടികളേറെയും അക്ഷരലോകത്തേക്ക് സമ്മാനിക്കപ്പെട്ടത് കോട്ടയത്തുനിന്നാണ്. ഡിസി ബുക്സും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും എംടി വാസുദേവന്‍നായരുടെ നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചു.
എംടിയുടെ കൂടുതല്‍ പുസ്തകങ്ങള്‍ അക്ഷരത്താളുകളില്‍ മഷിപുരണ്ടത് കോട്ടയം ഡിസി ബുക്സില്‍ നിന്നാണ്. വായനയിലും വില്പനയിലും എക്കാലവും ഇവ ബെസ്റ്റ് സെല്ലറുകളായി നിലകൊള്ളുന്നു. മൂന്നു തലമുറകള്‍ എംടിയുടെ സാഹിത്യവും സിനിമകളും ആസ്വദിച്ചു.
എഴുത്തിന്റെയും ഭാഷണത്തിന്റെയും ലോകത്തെ മഹാവിസ്മയമായിരുന്ന എംടി വാസുദേവന്‍നായരെ അക്ഷരനഗരി പലതവണ ആദരിച്ചിട്ടുണ്ട്. എംജി വാഴ്സിറ്റി ഡി ലിറ്റ് നല്കി 1996ല്‍ പ്രതിഭയ്ക്ക് അംഗീകാരം നല്കി.
കോട്ടയത്ത് ഡിസി ബുക്സിലും പബ്ലിക് ലൈബ്രറിയിലും പല തവണ പ്രഭാഷണത്തിനെത്തിയിട്ടുണ്ട്. പാമ്പാടി നവലോകം സാംസ്കാരിക കേന്ദ്രത്തില്‍ പൊന്‍കുന്നം വര്‍ക്കി ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിക്കാനെത്തി.
നവതിയില്‍ എംടിക്ക് കോട്ടയത്തിന്റെ ആദരം
കോട്ടയം: അവസാനകാലത്ത് വര്‍ത്തമാനം കുറവായിരുന്നെങ്കിലും നവതി വേളയില്‍ ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തിലെ അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികളോട് സംസാരിക്കാന്‍ എംടി മനസുകാണിച്ചു.
കോഴിക്കോട് സിതാരയിലെത്തിയ പ്രതിനിധികള്‍ എംടിയെ പൊന്നാടയണിയിച്ചു. ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്ന് മടങ്ങിവന്ന ദിവസമായിരുന്നിട്ടും പത്തു മിനിറ്റോളം എംടി വര്‍ത്തമാനങ്ങള്‍ കേട്ടു. അത്യാവശ്യം സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ഗീതാദേവി വര്‍മ, അധ്യാപിക ജയശ്രീ എം.ആര്, മഞ്ജുള ആര്, വിദ്യാര്‍ഥികളായ അദ്വൈത് ഡി. നായര്‍, ശ്രീലക്ഷ്മി ആര്. നായര്‍ എന്നിവരാണ് എംടിക്ക് ആദരവുമായി കോഴിക്കോട്ടേക്ക് പോയത്. സാഹിത്യ ഇതിഹാസത്തിന് പ്രിന്‍സിപ്പല്‍ മംഗളപത്രം സമ്മാനിക്കുകയും ചെയ്തു.
വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് എംടി സഹജമായ രീതിയില്‍ മറുപടി നല്കി. ബാല്യത്തില്‍ത്തന്നെ വായനാശീലം ഉള്ളവരാകണമെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.