മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണഘടന നവതിയാഘോഷം
1490244
Friday, December 27, 2024 5:42 AM IST
കോട്ടയം: സഭാ ഭരണസംവിധാനത്തിന് അടുക്കും ചിട്ടയും നിയമപരമായ പരിരക്ഷയും പ്രദാനം ചെയ്യുന്ന സഭാഭരണഘടന ഇരുപതാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ഉണ്ടായ നവോത്ഥാനത്തിന്റെ പ്രതിഫലനമാണെന്നു ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം എംഡി സെമിനാരിയില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണഘടന നവതിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവാ.
ദൈവോന്മുഖമായ സഭാദര്‍ശനത്തിലും ഉന്നതമായ ജനാധിപത്യബോധത്തിലും ഊന്നിയ സഭാ ഭരണഘടന എപ്പിസ്ക്കാപ്പസിയും ജനാധിപത്യവും സമഞ്ജസമായി സമന്വയിച്ച ഭരണ സംവിധാനത്തിന്റെ പ്രമാണരേഖയാണെന്നും ബാവാ ഓര്‍മിപ്പിച്ചു. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിക്കും സഭാ ഭരണഘടനയ്ക്കും വിധേയമായി സഭയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സഭ എന്നും പ്രതിജ്ഞാബദ്ധമാണെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.
പഴയ സെമിനാരിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മുഖ്യകാര്‍മികത്വം വഹിച്ചു.
മാര്‍ ഏലിയാ കത്തീഡ്രലില്‍ മലങ്കര സഭാ ഭരണഘടന അന്തഃസത്തയും ഊന്നലുകളും, ഭരണഘടനയും സുപ്രീം കോടതി വിധികളും എന്നീ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ പോള്‍ കുറിയാക്കോസ്, മുഹമ്മദ് ഷാ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
മാര്‍ ഏലിയാ കത്തീഡ്രലിലെ ധൂപപ്രാര്‍ഥനയ്ക്കുശേഷം കാതോലിക്കാ ബാവായെയും മെത്രാപ്പോലീത്താമാരെയും സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ മാര്‍ ഏലിയാ കത്തീഡ്രലിനോട് ചേര്‍ന്നുള്ള എംഡി സെമിനാരി അങ്കണത്തിലേക്ക് ആനയിച്ചു.
ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ്, വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വര്‍ഗീസ്, ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. ജോണ്‍ തോമസ്, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, സെക്രട്ടറി ബിജു ഉമ്മന്‍, റവ.ഡോ. വര്‍ഗീസ് വര്‍ഗീസ്, പ്രഫ. ജേക്കബ് കുര്യന് ഓണാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അല്മായ ട്രസ്റ്റിയായിരുന്ന മുത്തൂറ്റ് എം.ജി. ജോര്‍ജിന്റെ ഉടമസ്ഥതയില്‍ കൊടുങ്ങല്ലൂരിലുള്ള സ്ഥലം മാര്‍ത്തോമ്മന്‍ സ്മൃതി ഹെറിറ്റേജ് സമുച്ചയം നിര്‍മിക്കാനായി അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ സഭയ്ക്ക് കൈമാറിയതായി കാതോലിക്കാ ബാവാ അറിയിച്ചു.