പാലാ സെന്റ് തോമസ് കോളജില്‍ ആറായിരം പൂര്‍വവിദ്യാർഥികളുടെ സംഗമം ഇന്ന്
1490240
Friday, December 27, 2024 5:41 AM IST
കോട്ടയം: മീനച്ചിലാറിന്റെ തീരത്ത് പ്രൗഢിയോടെ നിലകൊള്ളുന്ന മഹാവിദ്യാലയത്തില്‍ ഇന്ന് ആറായിരം പൂര്വവിദ്യാര്ഥികളുടെയും ഇരുന്നൂറോളം മുന്‍ അധ്യാപകരുടെയും മഹാസംഗമം. പേരിലും പെരുമയിലും രാജ്യം അറിയപ്പെടുന്ന ഒട്ടേറെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പാദസ്പര്‍ശമുള്ള കാമ്പസ് ഇന്ന് പകലന്തിയോളം ഓര്‍മകളുടെ കഥാഭൂമിയായി മാറും.
കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഗവര്‍ണര്‍മാരും വൈസ്ചാന്‍സലര്‍മാരും കലാ-കായിക താരങ്ങളും ബിഷപ്പുമാരും സാഹിത്യപ്രതിഭകളും ഉദ്യോഗസ്ഥ പ്രമുഖരുമൊക്കെയായി നിരവധി പ്രമുഖരെ സമ്മാനിച്ച കോളജാണ് സെന്റ് തോമസ്. സെന്റ് തോമസ് കോളജും മലയോരവിഭവങ്ങളുടെ വാങ്ങല്‍ വില്പന കേന്ദ്രമായിരുന്ന പാലാ അങ്ങാടിയും ജൂബിലിപ്പെരുന്നാളുമായിരുന്നു അന്ന് പാലായുടെ വിലാസം.
റാങ്കുകളുടെ തിളക്കത്തില്‍ സെന്റ് തോമസ് എക്കാലത്തും മുന്നിലാണ്. റിസര്‍ച്ച് സെന്ററും വിപുലമായ ലൈബ്രറിയും മറ്റ് സംവിധാനങ്ങളും കാമ്പസിലുണ്ട്. പിജി കോഴ്സുകളില്‍ മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം.
മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ ശ്രമകരവും സമര്‍പ്പിതവുമായ കഠിനാധ്വാനമാണ് കോളജിനു കരുതലായത്. നിര്മാണവൈദഗ്ധ്യംകൊണ്ട് ശ്രദ്ധേയമായ പ്രധാന മന്ദിരം ഉള്‍പ്പെടെ എട്ടു ബഹുനിലമന്ദിരങ്ങളും ക്രിസ്തുരാജ് ഹോസ്റ്റലും അധ്യാപകര്‍ക്ക് സെന്റ് ഫിലിപ്സ് ഹോസ്റ്റലുമൊക്കെയായി അറുപതേക്കറില്‍ സെന്റ് തോമസ് മഹാകലാലയമായി പേരെടുത്തു.
ഏറ്റുമാനൂര്‍-പാലാ സംസ്ഥാനപാതയോരത്തെ അരുണാപുരത്ത് ആരംഭിച്ച കോളജില്‍ ഇതോടകം രണ്ടു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങി. ഒളിമ്പ്യന്മാരും ഏഷ്യാഡ് ജേതാക്കളും ഉള്‍പ്പെടെ ഇന്ത്യന്‍ കായിക ലോകത്തിന് ഏറ്റവും കൂടുതല്‍ പ്രതിഭകളെ സമ്മാനിച്ച കോളജ് എന്ന ഖ്യാതി സെന്റ് തോമസിനുണ്ട്.
കാമ്പസിലെ വോളിബോള്‍ കോര്‍ട്ടില്‍ കളിക്കാത്തവരും കളി കാണാത്തവരും കുറവ്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ.ആര്. നാരായണന്, എ.പി.ജെ. അബ്ദുള്‍കലാം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. രാവിലെ 11.30ന് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് രണ്ടിനു കോളജ് കാമ്പസിലെ വ്യത്യസ്തയിടങ്ങളിലായി വിവിധ ബാച്ചുകളുടെ ഒത്തുചേരല്‍. പൊതുസമ്മേളനം. 6.45നു കലാസന്ധ്യ.