സെന്റ് ഡൊമിനിക്സ് കോളജിന്റെ ഓര്മമരത്തണലില് ഇന്ന് തലമുറസംഗമം
1490241
Friday, December 27, 2024 5:42 AM IST
കോട്ടയം: വജ്രജൂബിലിത്തിളക്കത്തില് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന്റെ ഓര്മമരത്തണലില് ഇന്ന് രാവിലെ പൂര്‍വവിദ്യാര്‍ഥി - അധ്യാപക സംഗമം. മൂന്നു തലമുറകളിലെ ആയിരത്തിലേറെ പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും ഹരിതകാമ്പസിലെ പുല്‍മൈതാനത്ത് ഒത്തുകൂടി ഓര്‍മകളുടെ ചെപ്പുതുറക്കും.
പഠന-പരീക്ഷാ ചൂടും വിദ്യാര്‍ഥി രാഷ്ട്രീയ സമരങ്ങളുടെ ചൂരും കലാകായികമേളകളുടെ ആരവവുമൊക്കെയായി അറുപത് വര്‍ഷത്തെ സംഭവബഹുലമായ വഴിത്താരകള്‍ പലരും തുറന്നിടും. സന്തോഷവും ദുഃഖവും സമ്മാനിച്ച് ഒരുപാട് കഥകള്‍.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നും ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ വാതില്‍ തുറന്ന ആത്മവിദ്യാലയമാണിത്. കെകെ റോഡ് ദേശീയപാതയോരത്ത് പൊടിമറ്റത്ത് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ 25 ഏക്കറില്‍ 1965ലാണ് ജൂണിയര്‍ കോളജായി തുടക്കം. റബര്‍ മരങ്ങളും കപ്പത്തോട്ടവും മാത്രമുണ്ടായിരുന്ന കാമ്പസില്‍ ഒരു തണല്‍മരം പോലുമുണ്ടായിരുന്നില്ലെന്ന് പ്രഥമ ബാച്ച് വിദ്യാര്‍ഥിയും പൂര്‍വവിദ്യാര്‍ഥി സംഗമ കണ്‍വീനറുമായ ഇ.ജെ. ജോണി ഓര്‍മിക്കുന്നു.
ഇപ്പോഴത്തെ കോളജിനുസമീപം താത്കാലിക കെട്ടിടം ഒരു മാസംകൊണ്ട് പണിതീര്ത്തായിരുന്നു ഒന്നാം വര്‍ഷ പ്രീഡിഗ്രിയോടെ തുടക്കം. ഒന്നാം ബാച്ചില്‍ നാലു ഗ്രൂപ്പുകളിലായി ഒരു ക്ലാസില്‍ എണ്പതുപേരുമായി ആകെ 399 വിദ്യാര്‍ഥികള്‍.
ഫാ. കുര്യാക്കോസ് ഏണേക്കാട്ടായിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍. ഇപ്പോഴത്തെ കോളജ് മന്ദിരത്തിന്റെ ഒന്നാം നില 1966ല്‍ പണിതീര്‍ത്ത് ക്ലാസുകളും ലാബുകളും ലൈബ്രറിയും അവിടേക്കു മാറ്റി.
അഞ്ചേക്കറില്‍ വിശാലമായ മൈതാനവും പുതിയ നിലകളും മന്ദിരങ്ങളും ഓഡിറ്റോറിയവുമൊക്കെയായി സെന്റ് ഡൊമിനിക്സ് കാമ്പസ് ഇന്നു ഹരിതഭൂമിയും ഉന്നതപഠനകേന്ദ്രവുമാണ്. ഒരേ സമയം പ്രീഡിഗ്രിയും ഡിഗ്രിയും പിജിയുമായി രണ്ടായിരം വിദ്യാര്‍ഥികള്‍വരെ ഒരേ സമയം പഠിച്ച കാലമുണ്ട്.
1976ല്‍ ബിരുദകോഴ്സുകള്‍ ആരംഭിച്ചു. ക്ലാസുകള്‍ക്കു തുടക്കമിട്ട താത്കാലിക കെട്ടിടം പിന്നീട് ഓഡിറ്റോറിയവും കാന്റീനും സ്റ്റോറുമായി പ്രവര്‍ത്തിച്ചു. ആറു പതിറ്റാണ്ടിന്റെ കാവല്സാക്ഷിയായി ആ കെട്ടിടം ഇപ്പോഴും കേടുപാടുകളില്ലാതെ കാമ്പസിലുണ്ട്. മുന്‍കാല അധ്യാപകരെ ശിഷ്യഗണങ്ങള്‍ ഇന്നു പൊന്നാടയണിയിച്ച് ആദരിക്കും.