രാമക്കൽമേട്ടിൽ വിനോദസഞ്ചാരികളെ ആക്രമിച്ചതായി പരാതി
1490251
Friday, December 27, 2024 5:49 AM IST
നെടുങ്കണ്ടം: രാമക്കൽമേട്ടിൽ ഹോം സ്റ്റേ ഉടമയയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരികളെ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ആറുപേരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കളമശേരി സ്വദേശികകളായ അബ്ദുൾ ഷുക്കൂർ (38), സീനത്ത് (52), ഷിഹാബ് ഹംസ(39), ഷിഫാ (14) സീനത്ത് (56), സെയ്ഫുനീസ് (60) എന്നിവരാണ് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്. ഇതിൽ അബ്ദുൾ ഷുക്കൂറിന്റെ തലയ്ക്ക് അഞ്ച് കുത്തിക്കെട്ടുകൾ ഉണ്ട്. ഷിഫായുടെ കൈക്കു പൊട്ടലും മറ്റുള്ളവരുടെ തലയ്ക്കും ദേഹത്തും പരിക്കുണ്ട്.
ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കളമശേരിയിൽനിന്നു രണ്ടു വാഹനങ്ങളിലായി സ്ത്രീകളും കുട്ടികളും അടങ്ങിയ 60 അംഗ സംഘം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാമക്കൽമേട്ടിലെ മൗണ്ടൻ മിസ്റ്റ് ഹോം സ്റ്റേയിൽ മുറികൾ എടുത്തത്.
സംഭവത്തെക്കുറിച്ച് സഞ്ചാരികൾ പറയുന്നതിങ്ങനെ: രാത്രി പലതവണ വൈദ്യുതി നിലച്ചു. വിവരം റിസോർട്ട് ഉടമയയെ അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തെങ്കിലും പിന്നീട് വീണ്ടും പല തവണ വൈദ്യുതി തകരാറിലായി. ഇതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
വിനോദ സഞ്ചാരികളിൽ ഒരാളുടെ കൈ റിസോർട്ട് ഉടമ പിടിച്ചു തിരിക്കുകയും മർദിക്കുകയും ചെയ്തു. മറ്റുള്ളവർ എതിർത്തതോടെ ഇയാൾ പിൻവാങ്ങുകയും തുടർന്ന് 12 ഓളം പേരെ കൂട്ടികൊണ്ടുവന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയുമായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു.
അക്രമികൾ റൂമിലെ ഉപകരണങ്ങൾ തല്ലിത്തകർത്തു. സഞ്ചാരികൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും അക്രമികളെ പിടികൂടിയില്ലെന്ന് ഇവർ ആരോപിച്ചു. നഷ്ടപരിഹാരമായി 18,000 രൂപ വാങ്ങിയ ശേഷമാണ് സഞ്ചാരികളെ പോകാൻ അനുവദിച്ചത്. തുടർന്ന് ഇവർ കളമശേരിയിലേക്കു മടങ്ങുംവഴി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
ഗുരുതരമായി പരിക്കേറ്റവരെ കളമശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയും മറ്റുള്ളവരെ പ്രാഥമിക ചികിൽസ നൽകി വിട്ടയയ്ക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് പരിക്കേറ്റവർ തൊടുപുഴ, കളമശേരി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.