മഴയിലും ഇടിമിന്നലിലും വീടുകൾക്കു നാശം
1467027
Wednesday, November 6, 2024 6:53 AM IST
കറുകച്ചാൽ/നെടുംകുന്നം: ശക്തമായ മഴയിലും ഇടിമിന്നലിലും മേഖലയിലെ വീടുകൾക്കു നാശനഷ്ടം. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ പെയ്ത മഴയിൽ കറുകച്ചാൽ ചിറയ്ക്കൽ ഭാഗത്ത് പി.കെ. ഏബ്രഹാമിന്റെ വീട്ടുമുറ്റം ഇടിഞ്ഞ് സമീപത്തെ തോണിപ്പാറ പ്രശാന്തിന്റെ വീടിനു പിന്നിലേക്കു വീണു. ഇതോടെ ഏബ്രഹാമിന്റെ വീടിന്റെ തറയടക്കം അപകടാവസ്ഥയിലായി. മഴ തുടർന്നാൽ കൂടുതൽ ഭാഗം ഇടിയാൻ സാധ്യതയേറെയാണ്.
നെടുംകുന്നം വള്ളിമല സോമൻനായരുടെ വീട്ടിലെ വയറിംഗും വൈദ്യുതോപകണങ്ങളും ഇടിമിന്നലിൽ കത്തിനശിച്ചു. സ്വിച്ച് ബോർഡുകളും മെയിൻസ്വിച്ചും അടക്കം പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവസമയം വീട്ടിൽ ആളില്ലാഞ്ഞതിനാൽ അപകടം ഒഴിവായി.