പാമ്പാടി മൃഗാശുപത്രിയില്‍ നാളുകളായി ഡോക്ടറില്ല
1467011
Wednesday, November 6, 2024 6:35 AM IST
കോട്ടയം: പാമ്പാടി മൃഗാശുപത്രിയില്‍ നാളുകളായി ഡോക്ടറില്ലാത്തതു ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതേത്തുടർന്നു മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലച്ചിരിക്കുകയാണ്. ആടുകള്‍ക്കു സൗജന്യ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കേണ്ട സമയമായതിനാല്‍ നിരവധി കര്‍ഷകര്‍ ദിവസവും മൃഗാശുപത്രിയില്‍ എത്തി മടങ്ങുകയാണ്.
ഇവിടത്തെ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചതോടെ സമീപത്തുള്ള മറ്റൊരു മൃഗാശുപത്രിയിലെ ഡോക്ടര്‍ക്കു പാമ്പാടി മൃഗാശുപത്രിയുടെ അധികച്ചുമതല നല്‍കിയിരിക്കുകയാണ്. ഈ ഡോക്ടര്‍ക്ക് മൂന്നു മൃഗാശുപത്രികളുടെ ചുമതലയുണ്ട്. ഇതിനാല്‍ ഒരു ആശുപത്രിയിലെയും കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.
പാമ്പാടി ആശുപത്രിയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ആവശ്യമായ ചികിത്സ കിട്ടാതെ ചത്തത് ഏഴ് ആടുകളാണ്. മൃഗാശുപത്രികളില്‍ രാത്രികാലങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഡോക്ടര്‍മാരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു രാത്രികാലങ്ങളില്‍ മൃഗാശുപത്രികളില്‍ ഇവരുടെ സേവനം ഉറപ്പാക്കുമെന്നായിരുന്നു കര്‍ഷകര്‍ക്കു വാക്കു നല്‍കിയിരുന്നത്. എന്നാല്‍ ഇതു പ്രഖ്യാപനം മാത്രമായി ഒതുങ്ങി.
നിലവില്‍ പാമ്പാടി ആശുപത്രിയില്‍ അറ്റന്‍ഡര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ സേവനമാണ് ലഭിക്കുന്നത്. ഡോക്ടറില്ലാത്തതിനാല്‍ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്.
അടിയന്തരമായി പാമ്പാടിയില്‍ മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്നും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നുമുള്ള ആവശ്യം ശക്തമായി.