മുപ്പതിലേറെ ചിത്രകാരന്മാരുടെ പാഠങ്ങളുമായി ചിത്രകലാ പഠനക്യാമ്പ്
1430924
Sunday, June 23, 2024 4:43 AM IST
പൊൻകുന്നം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുപ്പതിലേറെ ചിത്രകാരന്മാർ ലൈവായി ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് ചിത്രരചനയിലെ പാഠങ്ങൾ പകർന്ന ക്യാമ്പ് വേറിട്ടതായി. ചിത്രകാരന്മാരുടെ കൂട്ടായ്മയായ കാൻവാസ് ഗ്രൂപ്പ് ക്യാംലിൻ ലിമിറ്റഡിന്റെയും പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
പൊൻകുന്നം ഗവൺമെന്റ് എച്ച്എസ്എസിൽ നടന്ന ചിത്രകലാ ക്യാമ്പ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വാരികകളിൽ നോവലുകൾക്ക് ചിത്രം വരയ്ക്കുന്ന മോഹൻ മണിമല, എൻ.ജി. സുരേഷ്കുമാർ എന്നിവർ ആമുഖപ്രഭാഷണം നടത്തി.
എസ്ഐയും പോലീസ് സേനയ്ക്ക് പ്രതികളെ കണ്ടെത്താൻ രേഖാചിത്രം തയാറാക്കുന്നതിൽ വിദഗ്ധനുമായ രാജേഷ് മണിമല, അന്താരാഷ്ട്ര ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള ജലച്ചായാ ചിത്രകാരൻ ധനേഷ് ജി. നായർ, ജയ് പി. ഈശ്വർ, പ്രിയ ശ്രീലത തുടങ്ങി മുപ്പതിലേറെപ്പേരാണ് വിദ്യാർഥികൾക്കു മുന്പിൽ തങ്ങളുടെ ഭാവനയിലെ ചിത്രങ്ങൾ വരയ്ക്കുകയും വിശദീകരണം നൽകുകയും ചെയ്തത്. പങ്കെടുത്ത ചിത്രകാരന്മാരെല്ലാം കാൻവാസിൽ ചിത്രരചന നടത്തി. കുട്ടികളും രചനയിൽ പങ്കെടുത്തു. ഇവർ തയാറാക്കിയ ചിത്രങ്ങൾ പ്രദർശനത്തിനുവച്ച് അർഹരായ കുട്ടികൾക്ക് സഹായധനം നൽകുന്നതിനായി വിനിയോഗിക്കും.
പ്രിൻസിപ്പൽ എം.എച്ച്. നിയാസ്, എസ്എംസി ചെയർമാൻ പി.ജി. ജനീവ്, പിടിഎ പ്രസിഡന്റ് രാധിക ഷിബു, സലാഹുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.