മികച്ച റോഡുണ്ടായിട്ടും ബസ് സര്‍വീസ് ഇല്ല; ജനങ്ങൾ ദുരിതത്തിൽ
1546164
Monday, April 28, 2025 2:01 AM IST
പരിയാരം: ചന്തപ്പുര-കടന്നപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ-പരിയാരം റോഡ് മികച്ച നിലവാരമുള്ള റോഡായിട്ടും ബസ് സര്‍വീസ് ഇല്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. മാതമംഗലം ഭാഗത്തു നിന്നും പാണപ്പുഴ ഭാഗത്തു നിന്നും ചന്തപ്പുര വഴി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് വേഗം എത്തിച്ചേരുന്ന അഞ്ചുകിലോമീറ്റര്‍ നീളുന്ന ഈ ബൈപ്പാസ് റോഡ് ഗുണപരമായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ വഴി ബസ് ഗതാഗതം തുടങ്ങിയാൽ മലയോര മേഖലകളില്‍ നിന്നുള്ളവര്‍ക്ക് പിലാത്തറ റോഡു വഴി പോകാതെ വളരെ എളുപ്പത്തില്‍ ഗതാഗതക്കുരുക്കില്ലാതെ കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാന്‍ കഴിയും.
ഇതു കൂടാതെ ജനസാന്ദ്രതയോറിയ ഈ പ്രദേശം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെ ഹൃദയഭൂമികൂടിയാണ്. ഒരു ഹയര്‍ സെക്കൻഡറി സ്കൂളും ഒരു യുപി സ്കൂളും ഈ റോഡരികില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾ ഇപ്പോൾ ഒരുകിലോമീറ്ററോളം നടന്ന് ചന്തപ്പുരയിലെത്തിയാണു ബസ് കയറുന്നത്. അതുപോലെ തന്നെ ഈ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലുള്ളവർ ഏറെ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്.
ആംബുലന്‍സുകള്‍ക്ക് ഉള്‍പ്പെടെ എളുപ്പത്തില്‍ മെഡിക്കല്‍ കോളജില്‍ എത്താന്‍ സാധിക്കുന്നതാണ് ഈ റോഡ്. നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങളായിട്ടും ഒരു പോറല്‍പോലുമില്ലാതെ നല്ല രീതിയിലുള്ള ഈ റോഡിലൂടെ നിലവില്‍ ബസ് സർവീസ് ഇല്ലാത്തത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ചന്തപ്പുരയില്‍ നിന്നും ഏഴോം കോട്ടക്കീലിലേക്കുള്ള റോഡിന്റെ ഭാഗമായി കല്യാശേരി എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണു റോഡ് നിര്‍മിച്ചത്.