ചെങ്ങളായിയിൽ യുവാവിന് ക്രൂരമർദനം
1546157
Monday, April 28, 2025 2:01 AM IST
ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ യുവാവിനു നേരെ ക്രൂരമർദനം. ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് യുവാവിന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ചെങ്ങളായിയിലെ റിഷാദിനെയാണ് നാലംഗസംഘം വളഞ്ഞിട്ട് മർദിച്ചത്. സംഭവത്തിൽ രണ്ടു പരാതികളിൽ ശ്രീകണ്ഠപുരം പോലീസ് കേസെടുത്തു.
സംഭവമിങ്ങനെ: പരാതിക്കാരനായ റിഷാദ് നസീബിനോട് സ്കൂട്ടി വാങ്ങിയിരുന്നു. ഏപ്രിൽ 25ന് രാവിലെ ഇതിന്റെ ആർസി മാറ്റത്തിന് ഒടിപി അറിയാൻ റിഷാദും ഉമ്മ മൈമൂനത്തും നസീബിന്റെ വീട്ടിൽ രാവിലെ എത്തിയപ്പോൾ ഉമ്മയെ അസഭ്യം പറഞ്ഞ് കഴുത്തിന് പിടിച്ച് തള്ളിയിരുന്നുവെന്നും പറയുന്നു. സംഭവദിവസം വൈകുന്നേരം പരിപ്പായിയിലുള്ള ടൈൽ കമ്പനിക്ക് സമീപംത്തുനിന്ന് റിഷാദിനെ നസീബും മറ്റു മൂന്നുപേരും ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.
തലയ്ക്ക് ടൈൽസ് കൊണ്ടും സോഡാ കുപ്പി കൊണ്ടും അടിച്ചു. ക്രൂരമർദന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
റിഷാദിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂട്ടി വില്പനയെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
റിഷാദ് നൽകിയ പരാതിയിലും, മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആക്രമണത്തിനിരയായ ചെങ്ങളായി സ്വദേശി റിഷാദിന്റെ ഉമ്മ മൈമൂനത്തിന്റെ പരാതിയിലും പോലീസ് കേസെടുത്തു. നസീബും പോലീസിനെ സമീപിച്ചിരുന്നു.