വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം: ഗവ. മെഡിക്കൽ കോളജ് ജീവനക്കാരന് സസ്പെൻഷൻ
1545492
Saturday, April 26, 2025 1:50 AM IST
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയിൽ താത്ക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കാർഡിയോളജി കാത്ത് ലാബിൽ ജോലി ചെയ്യുന്ന ശ്രീജിത്തിനെതിരെ പന്ത്രണ്ടോളം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. പരാതി സംബന്ധിച്ച് വകുപ്പ് മേധാവി ഇന്റേണല്‍ കമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് പ്രകാരമാണ് മൂന്നംഗ ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തുന്നത്. ഏറെ ഗൗരവത്തോടേയാണ് വിഷയം കാണുന്നതെന്നും അതിനാലാണ് ഉടനടി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇയാളെ സസ്പെൻഡ് ചെയ്തതെന്ന് മെഡിക്കൽ കോളജ് വൃത്തങ്ങൾ അറിയിച്ചു.
മുൻ കാലങ്ങളിലും ഇയാള്‍ക്കെതിരെ സമാനമായ പരാതികള്‍ ഉയർന്നിരുന്നെന്നും ആരോപണമുണ്ട്. താത്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്. ഇയാൾ വിദ്യാർഥികളെ ശല്യം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാൽ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.