സ്റ്റാമ്പുകളിൽ നിറയുന്ന ഫ്രാൻസിസ് പാപ്പ
1545491
Saturday, April 26, 2025 1:50 AM IST
കാലിച്ചാനടുക്കം: ഫ്രാൻസിസ് മാർപാപ്പയുടെ വിവിധ പശ്ചാത്തലങ്ങളിലുള്ള ചിത്രങ്ങളുമായി വത്തിക്കാൻ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകളുടെ അപൂർവ ശേഖരവുമായി കാലിച്ചാനടുക്കത്തെ ടോം വടക്കുംമൂല. അതത് കാലഘട്ടങ്ങളിലെ മാർപാപ്പമാരുടെ ചിത്രങ്ങളുമായി വത്തിക്കാൻ സ്റ്റാമ്പുകൾ പുറത്തിറക്കാറുണ്ട്.
ഫ്രാൻസിസ് പാപ്പയുടെ ചിത്രങ്ങളുമായി ഇറങ്ങിയ 15 സ്റ്റാമ്പുകളാണ് ടോമിന്റെ ശേഖരത്തിലുള്ളത്. ദീർഘകാലം മാർപാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ ചിത്രങ്ങളുമായി ഇറങ്ങിയ നാനൂറോളം സ്റ്റാമ്പുകളും ടോമിന്റെ ശേഖരത്തിലുണ്ട്. വത്തിക്കാൻ പുറത്തിറക്കിയ സ്റ്റാമ്പുകൾക്ക് പുറമേ മാർപാപ്പയുടെ വിദേശ സന്ദർശനവേളകളിൽ ബഹുമാനസൂചകമായി അതതു രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാമ്പുകളും ഇക്കൂട്ടത്തിലുണ്ട്.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, മദർ തെരേസ, ജോൺ കെന്നഡി, ഇന്ദിരാഗാന്ധി എന്നീ ലോകനേതാക്കളുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളും ടോം വടക്കുംമൂലയുടെ ശേഖരത്തിലുണ്ട്. സ്കൂൾ വിദ്യാർഥിയായിരിക്കേ 11-ാം വയസിലാണ് ടോം സ്റ്റാമ്പ് ശേഖരണവും നാണയശേഖരണവും തുടങ്ങിയത്. ഇപ്പോൾ 61-ാം വയസിലെത്തി നിൽക്കുമ്പോൾ സാമൂഹ്യപ്രവർത്തനങ്ങൾക്കൊപ്പം മാതൃകാപരമായ സ്റ്റാമ്പ്, നാണയ ശേഖരങ്ങളുടെ ഉടമ കൂടിയാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ടോം വടക്കുംമൂല.