കുടിവെള്ളം കൈപ്പിടിയിലാക്കാനുള്ള മൂലധന ശക്തികളുടെ ശ്രമം ചെറുക്കണം: ഡോ. വിജൂ കൃഷ്ണൻ
1546063
Sunday, April 27, 2025 7:55 AM IST
കണ്ണൂർ: ലോകമെമ്പാടും കുടിവെള്ള സ്രോതസുകൾ കൈപ്പിടിയിലാക്കി ലാഭ കേന്ദ്രങ്ങളാക്കാനുള്ള മൂലധന ശക്തികളുടെ ശ്രമം ചെറുത്ത് തോൽപ്പിക്കണമെന്ന് കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറിയും സിപിഎം പോളിറ്റ് ബ്യൂറെോ അംഗവുമായ ഡോ. വിജൂ കൃഷ്ണൻ. അസോസിയേഷന് ഓഫ് കേരള വാട്ടർ അഥോറിറ്റി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
രാജ്യത്ത് കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാനാണ് നീക്കം നടത്തുന്നത്. ഈ ശ്രമത്തെ ഉപഭോക്താക്കളും തൊഴിലാളികളും ജീവനക്കാരും പൊതുജനങ്ങളും പ്രതിരോധനിര തീർത്ത് തോൽപ്പിക്കണം. കുടിവെള്ളമേഖലയിലും വൈദ്യുത മേഖലയിലും സ്വകാര്യ പങ്കാളികളെ ആനയിക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനദ്രോഹ നയങ്ങളാണെന്നും ഡോ. വിജൂ കൃഷ്ണൻ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് എസ്. തമ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.എസ്. സന്തോഷ്കുമാർ, ട്രഷറർ എസ്. സഞ്ജീവ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സീമ നായർ, ഡോ. ഇ.വി. സുധീർ, കെ.വി. അനിൽകുമാർ, പി. ഉണ്ണികൃഷ്ണൻ, ഹണി ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനം വാട്ടർ അഥോറിറ്റി ബോർഡ് മെന്പർ ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ പത്തിന് പൊതുസമ്മേളനം മുൻ എംപി പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. എസ്. തന്പി അധ്യക്ഷത വഹിക്കും.