കുറ്റൂര്‍ മടിയമ്മക്കുളത്തെ കവര്‍ച്ച: പ്രതികളെ കണ്ടെത്താനാകാതെ പോലീസ്
1545496
Saturday, April 26, 2025 1:50 AM IST
പെരിങ്ങോം: മാതമംഗലം കുറ്റൂരില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 20 ലക്ഷത്തിന്റെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമുള്‍പ്പെടെ അന്വേഷണം നടത്തിയിട്ടും നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും പ്രതികളിലേക്കെത്താന്‍ പോലീസിനായില്ല.
ഈമാസം മൂന്നിനു വൈകുന്നേരമാണ് കുറ്റൂര്‍ മെയിന്‍ റോഡിലെ മടയമ്മക്കുളത്തെ വി.വി. കുഞ്ഞാമിനയുടെ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. വീടിന്റെ അടുക്കള വാതിലും കിണറില്‍നിന്നും വെള്ളമെടുക്കുന്നതിനുള്ള വാതിലും കുത്തിപ്പൊളിച്ചായിരുന്നു കവര്‍ച്ച.
മകളുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 19,72,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും നഷ്ടപ്പെട്ടതായുള്ള കുഞ്ഞാമിനയുടെ പരാതിയില്‍ കേസെടുത്തായിരുന്നു പോലീസിന്റെ അന്വേഷണം.
സമീപ പ്രദേശങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് പരിശോധിച്ചിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധിച്ചിരുന്നു. കവര്‍ച്ചയ്ക്കു പിന്നിലുള്ളവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.
എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല എന്നതാണ് അവസ്ഥ. തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ വിദഗ്ധമായ കവര്‍ച്ചയ്ക്കു പിന്നില്‍ കുപ്രസിദ്ധ കവര്ച്ചക്കാരാണെന്ന നിഗമനത്തില്‍ ഇത്തരം സംഘങ്ങളിലേക്കുള്ള അന്വേഷണത്തിലാണു പോലീസ്.