ആറളം കാർഷിക ഫാമിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിമാൻഡ് നോട്ടീസ് നൽകി
1546050
Sunday, April 27, 2025 7:49 AM IST
ഇരിട്ടി: ആറളം കാർഷിക ഫാമിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിമാൻഡ് നോട്ടീസ് നൽകി. ആറളം ഫാം ലേബർ യൂണിയൻ (എഐടിയുസി) ആണ് അടിയന്തരമായി വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും ആറളം ഫാം മാനേജിംഗ് ഡയറക്ടർക്കും നോട്ടീസ് നൽകിയത്.
കാർഷിക ഫാമിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. കാർഷിക ഫാമിനെ കൃഷിവകുപ്പിന് കൈമാറുക, 240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികളെ സ്ഥിരം തൊഴിലാളികൾ ആക്കുക, ആറളം പട്ടികവർഗ സങ്കേതത്തിലെ ഒരു കുടുംബത്തിൽ നിന്നും ഒരാൾക്കെങ്കിലും കാർഷിക ഫാമിൽ ജോലി നൽകുക, വിരമിച്ച തൊഴിലാളികൾക്കും ജീവനക്കാർക്കും നൽകാനുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, പ്ലാന്റേഷൻ തൊഴിലാളികളെ അഗ്രികൾച്ചർ തൊഴിലാളികളാക്കി മാറ്റാനുള്ള മുൻ ഉത്തരവ് നടപ്പാക്കുക, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി വ്യവസ്ഥ ആറളം കാർഷിക ഫാമിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആറളം ഫാം മാനേജിംഗ് ഡയറക്ടർക്ക് നൽകിയ ഡിമാൻഡ് നോട്ടീസിൽ പറയുന്നത്.
അല്ലാത്തപക്ഷം തൊഴിലാളികളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നും നോട്ടീസിൽ പറയുന്നു. ആറളം ഫാമിംഗ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്കുള്ള ഡിമാൻഡ് നോട്ടീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.ടി. ജോസ്, പ്രസിഡന്റ് വി. ഷാജി, ട്രഷറർ ടി.എം. മാത്യു, കെ.ബി. ഉത്തമൻ എന്നിവർ ഫാം മെയിൻ ഓഫീസിലെത്തി ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കു കൈമാറി. മുഖ്യമന്ത്രിക്കുള്ള നിവേദനം ഇമെയിൽ സന്ദേശത്തിലൂടെയും കൈമാറി.