ലൈബ്രറി കൗണ്‍സില്‍ വായനോത്സവം: അഭിനവ്, പ്രിയങ്ക, ഡോ. ആര്‍ദ്ര വിജയികള്‍
1546147
Monday, April 28, 2025 2:01 AM IST
കണ്ണൂർ: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച വായനോത്സവം സമാപിച്ചു. മത്സരങ്ങളില്‍ ആലപ്പുഴ പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാർഥി അഭിനവ് കൃഷ്ണ -ഹൈസ്കൂള്‍ വിഭാഗത്തിലും ജി. പ്രിയങ്ക മുതിര്‍ന്നവരുടെ വിഭാഗം ഒന്നിലും ഡോ. വി. ആര്‍ദ്ര മുതിര്‍ന്നവരുടെ വിഭാഗം രണ്ടിലും ജേതാക്കളായി. ആലപ്പുഴ ജില്ലയിലെ പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ പ്രതിനിധിയായി മത്സരിച്ച് തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രിയങ്ക ഈ വിഭാഗത്തില്‍ ഒന്നാമതെത്തുന്നത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ഗവ. മോഡല്‍ എച്ച്എസ്എസി ലെ വൈഷ്ണവ് ദേവ് എസ്. നായര്‍ രണ്ടാം സ്ഥാനവും കൊല്ലം ജില്ലയിലെ പ്രാക്കുളം എന്‍എസ്എസ് എച്ച്എസിലെ എസ്.ആര്. ചിത്തിര മൂന്നാം സ്ഥാനവും നേടി. മുതിര്‍ന്നവരുടെ വിഭാഗം ഒന്നില്‍ കോഴിക്കോട് നൊച്ചാട് സമത ലൈബ്രറിയിലെ എ.എന്‍. ഫിദ സാനിയ രണ്ടാം സ്ഥാനവും കൊല്ലം കുമ്മിള്‍ സമന്വയ ഗ്രന്ഥശാലയിലെ എസ്.എസ്. ഫെമിന മൂന്നാം സ്ഥാനവും നേടി.
മുതിര്‍ന്നവരുടെ രണ്ടാമത്തെ വിഭാഗത്തില്‍ കോഴിക്കോട് കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ നിന്നുള്ള ടി. സുമേഷ്കുമാര് രണ്ടാം സ്ഥാനവും ആലപ്പുഴ തുറവൂര്‍ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി റീഡിംഗ് റൂമിന്റെ പ്രതിനിധി ഡോ. ആർ. സേതുനാഥ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു. രണ്ടൂം മൂന്നും സ്ഥാനങ്ങളില്‍ വന്നവര്‍ക്ക് യഥാക്രമം 15,000, 10,000 രൂപ വീതം കാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു.
മൂന്ന് ദിവസങ്ങളിലായി കണ്ണൂര്‍ ഗവ. എൻജിനിയറിംഗ് കോളജില്‍ നടത്തിയ എഴുത്ത് പരീക്ഷ, അഭിമുഖം, ക്വിസ് എന്നിവയില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.
സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് എം. മുകുന്ദന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.