അദ്ഭുതകരമായി രക്ഷപ്പെട്ട ഡോക്ടർക്കും കുടുംബത്തിനും സ്വീകരണം നല്കി
1545494
Saturday, April 26, 2025 1:50 AM IST
മട്ടന്നൂർ: പഹൽഗാം ഭീകരാക്രമണത്തിൽനിന്ന് പാനൂരിലെ യുവ ഡോക്ടറും അദ്ഭുതകരമായി രക്ഷപ്പെട്ടു. പാനൂർ പൂക്കോത്തെ ഹോമിയോ ഡോക്ടർ റാഷിദ് അബ്ദുള്ള (42), ഭാര്യ ഡോ. ഹബീബ (31), മക്കളായ ഷസിൻഷാൻ (11), ഹെബിൻഷാൻ (5) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. താഴ്വാരം നോക്കിക്കണ്ട് നടക്കുമ്പോൾ സൈന്യം പുറത്തുവിട്ട രേഖാചിത്രത്തിന് സമാനമായ രണ്ടു പേരെ തങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും മുഷിഞ്ഞ വേഷമാണെങ്കിലും പുൽത്തകിടിയിൽ ഇരിക്കുന്ന ഇരുവരും സൈനികരാണെന്നാണ് കരുതിയതെന്നും ഡോക്ടറും കുടുംബവും പറയുന്നു. മൂന്ന് കുതിരകളിലായി നാലു പേർ കുറച്ചകലെ നീങ്ങിയപ്പോഴേക്കും വെടിയൊച്ചയും ബഹളവും കേട്ടെന്നും ഡോക്ടർ പറഞ്ഞു.
50 മീറ്റർ അകലെ വച്ചാണ് വെടിയൊച്ച കേട്ടതെന്നും നൂറു കണക്കിന് കുതിരകൾ ഭയന്ന് ഓടിയെന്നും പിന്നീട് ചതുപ്പ് നിലങ്ങൾക്കും പാറക്കെട്ടുകൾക്കുമിടയിലൂടെ ഒരു കിലോമീറ്ററോളം കുഞ്ഞിനെ ഒക്കത്തെടുത്ത് ഓടിയാണ് രക്ഷപ്പെട്ടതെന്നും ഡോക്ടർ പറഞ്ഞു. കുതിരസവാരി പേടിച്ച് പഹൽഗാമിലേക്കുള്ള യാത്ര ഒഴിവാക്കിയതിനാൽ കണ്ണൂർ സ്വദേശികളായ 16 അംഗം രക്ഷപ്പെട്ടിരുന്നു. കരിയാട് കലാമന്ദിരത്തിൽ നിന്നും കിഴക്കയിൽ അശോകന്റെ നേതൃത്വത്തിൽ കാശ്മീരിലേക്ക് പോയവരാണ് യാത്ര വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയത്. എംഎൽഎമാരുൾപ്പടെയുള്ള മലയാളികൾ സംഭവസമയത്ത് സമീപ സ്ഥലങ്ങളിലുണ്ടായിരുന്നു. ജമ്മു കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട പാനൂരിലെ ഹോമിയോ ഡോക്ടർ റാഷിദ് അബ്ദുല്ലയും കുടുംബവും വ്യാഴാഴ്ച രാത്രി 12 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കെ.പി. മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ കുടുംബത്തെ സ്വീകരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.യൂസഫും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.