ചെറുപുഴയിൽ കാറ്റിന്റെ താണ്ഡവം; വ്യാപക നാശം
1546046
Sunday, April 27, 2025 7:49 AM IST
ചെറുപുഴ: ചെറുപുഴയെ ഭീതിയിലാഴ്ത്തി ടൗണിലും പരിസര പ്രദേശത്തും കാറ്റിന്റെ താണ്ഡവം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിയും കെട്ടിടങ്ങളും വൈദ്യുത ബന്ധങ്ങളും തകർന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ചെറുപുഴ പഞ്ചായത്തിലെ പാണ്ടിക്കടവ്, ഭൂദാനം, ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തിലെ തവളക്കുണ്ട്, അരിയിരുത്തി, ആയന്നൂർ എന്നിവിടങ്ങളിലാണ് കാറ്റ് വ്യാപക നാശം വിതച്ചത്.
ടൗണിലെ നിരവധി കടകളുടെ പരസ്യ ബോർഡുകളും മേൽക്കൂരയും കാറ്റിൽ പറന്നു. വൈദ്യുതി വിതരണം പൂർണമായും നിലച്ചു. നിരവധി വൈദ്യുത തൂണുകളാണ് നിലംപൊത്തിയത്. ചെറുപുഴ ലീഡർ ഹോസ്പിറ്റലിലേയ്ക്കുള്ള വഴിയിൽ വൈദ്യുതി കമ്പിയിൽ തെങ്ങ് വീണു. ചെറുപുഴ ഗാർഡൻസിന്റെ ടൗണിലുള്ള നഴ്സറിയുടെ മുകളിലുളള പോളിഹൗസ്, ഗ്രീൻ ഷെയ്ഡ് എന്നിവയുടെ മുകളിലേയ്ക്ക് തെങ്ങ്, കമുക് എന്നിവ കടപുഴകി വൻ നാശമുണ്ടായി.
ചെറുപുഴ ബസ് സ്റ്റാൻഡിലെ ഹോട്ടൽ പാലസിന്റെ പലഹാരങ്ങൾ സൂക്ഷിച്ചിരുന്ന അലമാര കാറ്റിൽ മറിഞ്ഞു വീണു. കാര്യങ്കോട് പുഴയ്ക്ക് അക്കരെ തവളക്കുണ്ടിലെ ബിജു ലൂക്കോസിന്റെ മീൻ വളർത്തുന്ന കുളം കവുങ്ങ് വീണു തകർന്നു. നിരവധി തെങ്ങ്, കവുങ്ങ്, റബർ, ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചു. ചെറുപുഴ-പുളിങ്ങോം റോഡിൽ മരം വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
തവളക്കുണ്ടിലെ ബിജു ലൂക്കോസ്, ജോജി ജോസഫ്, പി.എം. വാസുദേവൻ, ജോർജ് തോട്ടുപ്പുറം, അനീഷ്, സോജൻ പുതിയിടത്ത്, ബേബി മുണ്ടയ്ക്കൽ തുടങ്ങിയവരുടെ റബർ, വാഴ, കവുങ്ങ്, തെങ്ങ്, മഹാഗണി, പ്ലാവ് തുടങ്ങിയ നശിച്ചു. പാണ്ടിക്കടവിലെ ജയേഷ് ജോസിന്റെ വാഴകൾ കാറ്റിൽ നശിച്ചു.
പാണ്ടിക്കടവിലെ പലേരി രാഘവന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പൊന്നാരട്ട വിനയന്റെ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എടക്കോം മഠംതട്ടിലും നാശനഷ്ടം
എടക്കോം: മഠംതട്ട് മൈത്രി നഗറിലെ മൂലംതുരുത്തിയിൽ ഡെന്നീസിന്റെ കട്ടക്കളം പൂർണമായും കാറ്റിൽ തകർന്നു. മേൽക്കൂരയും ഷെഡും തകർന്ന് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഞാറക്കുളം ബേബി, സൗദാമിനി, സിദ്ദിഖ് തുടങ്ങിയവരുടെ വീടുകളുടെ മേൽക്കൂരയ്ക്കും നാശഷ്ടം സംഭവിച്ചു. നിരവധി കൃഷിയിടങ്ങളിലും നാശനഷ്ടം സംഭവിച്ചു. വൈദ്യുതി പോസ്റ്റുകളിലും തകർന്നിട്ടുണ്ട്.