ഫ്രാൻസിസ് പാപ്പ പ്രത്യാശയുടെ പ്രവാചകൻ: ഡോ. അലക്സ് വടക്കുംതല
1546148
Monday, April 28, 2025 2:01 AM IST
കണ്ണൂർ: ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്ക് വേണ്ടി കണ്ണൂർ രുപതയുടെ ഭദ്രാസന കേന്ദ്രമായ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ അനുസ്മരണ ദിവ്യബലി അർപ്പിച്ചു. ജീവിതത്തിന്റെ ആനന്ദത്തെക്കുറിച്ചും ജീവിതത്തിൽ പുലരേണ്ട പ്രത്യാശയെക്കുറിച്ചും അളവുകളില്ലാതെ പ്രഘോഷിച്ച ഇടയനായിരുന്നു ഫ്രാൻസിസ് പാപ്പയെന്നു ബിഷപ് അനുസ്മരിച്ചു. വിശ്വാസ വിഷയങ്ങളിലും സഭാ പ്രബോധനങ്ങളിലും ആത്മീയ നിറവോടെ പാപ്പ സഭയെ നയിച്ചെന്നും ബിഷപ് പറഞ്ഞു.
നീതിക്കും സമാധാനത്തിനു വേണ്ടി ജീവിതാവസാനംവരെ നിലകൊണ്ട കരുണയുടെ മുഖമായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് രുപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു. വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്തും രുപതയിലെ എല്ലാ വൈദികരും സഹകാർമികരായി. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും സന്യസ്തരും അൽമായരും ബലിയർപ്പണത്തിൽ പങ്കുചേർന്നു. ബിഷപ്പുമാരും വൈദികരും സന്യസ്ഥരും ഫ്രാൻസിസ് പാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.