ഫ്രാൻസിസ് പാപ്പയ്ക്ക് ഓർമത്തിരി തെളിച്ച് കെഎൽസിഎ അനുസ്മരണ പ്രാർഥന
1545508
Saturday, April 26, 2025 1:50 AM IST
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്കായി ഓർമത്തിരി തെളിയിച്ചു പ്രാർഥനാഞ്ജ ലി നടത്തി. കണ്ണൂർ കാൽടെക്സ് ജംഗ്ഷനിലെ ഗാന്ധി സർക്കിളിൽ നടന്ന അനുസ്മരണ പ്രാർഥന കൾക്ക് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല നേതൃത്വം നൽകി.
കാരുണ്യത്തിന്റെ ഒരു പുതിയ അധ്യായം ലോകത്തിന് മുന്നിൽ തുറന്നു തന്ന പാപ്പ, പാവപ്പെട്ടവരെ യും രോഗികളെയും കുടിയേറ്റക്കാരെയും സമൂഹത്തിന്റെ താഴെ തട്ടിൽ കഴിയുന്ന എല്ലാവരിലും യേശു ദർശനം ഉൾക്കൊണ്ട് ചേർത്ത് പിടിച്ച് ഈ കാലഘട്ടത്തിലെ ജീവിച്ചിരുന്ന മറ്റൊരു ക്രിസ്തുവായിരുന്നുവെന്ന് ബിഷപ് അനുസ്മരിച്ചു.
മൗന ജാഥയായി പാപ്പയുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് കൊണ്ടാണ് വിശ്വാസികൾ പ്രാർഥനാഞ്ജലിയിൽ പങ്കെടുത്തത്.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് ശ്രീനഗറിലെ പഹൽഗാമിൽ ഭീകരവാദികൾ വധിച്ച 26 വിനോദ സഞ്ചാരികൾക്കും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
കെഎൽസിഎ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, രതീഷ് ആന്റണി, ഫാ. മാർട്ടിൻ രായപ്പൻ, ഉർസുലൈൻ പ്രോവിൻഷ്യൽ സൂപ്പരിയർ സിസ്റ്റർ വിനയ യുഎംഐ, ഷേർളി സ്റ്റാൻലി, ജോൺ ബാബു, ബോബി ചാലിൽ, ജോയ്സി മെനേസസ്, കെ.എച്ച്. ജോൺ, റിനേഷ് ആന്റണി, ലെസ്ലി ഫെർണാണ്ടസ്, എലിസബത്ത് കുന്നേത്ത്, ജെറി പൗലോസ്, റീജ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.