ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് കണ്ണൂർ രൂപത
1545490
Saturday, April 26, 2025 1:50 AM IST
കണ്ണൂർ: ഫ്രാൻസിസ് പാപ്പയോടുള്ള ആദരസൂചകമായി കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ ചേംബർ ഹാളിൽ അനുസ്മരണ പരിപാടികൾ നടന്നു. സമാനതകളില്ലാത്ത നേതൃമികവിലൂടെ സുവിശേഷ മൂല്യങ്ങൾ ലോകത്തിന് പകർന്ന വിശ്വപൗരനാണ് ഫ്രാൻസിസ് പാപ്പയെന്ന് യോഗ ത്തിൽ അധ്യക്ഷത വഹിച്ച കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അനു സ്മ രിച്ചു.
കരുതലിന്റേയും സ്നേഹത്തിന്റേയും ഒരു തൂവൽസ്പർശം പോലെ ഇന്നും ഏവരുടെയും സ്മരണകളിൽ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ് ഫ്രാൻസിസ് പാപ്പയെന്ന് ബിഷപ് പറഞ്ഞു.
മാനുഷിക സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു കാലം ചെയ്ത ഫ്രാൻസിസ് പാപ്പയെന്ന് കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിയും പോലുള്ള വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുമായി മുന്നോട്ടു പോകാൻ ഫ്രാൻസിസ് പാപ്പയ്ക്ക് കഴിഞ്ഞിരുന്നുവെന്നും മേയർ അനുസ്മരിച്ചു.
കെ.വി. സുമേഷ് എംഎൽഎ, സ്വാമി അമൃത കൂപാനന്ദപുരി , അബ്ദുൾ കരിം ചേലേരി, സോണി സെബാസ്റ്റ്യൻ, കെ.കെ. വിനോദ്കുമാർ, ഉർസുലൈൻ പ്രൊവിൻഷ്യൽ സൂപ്പീരിയർ സിസ്റ്റർ വിനയ യുഎംഐ, ഫാ. സ്കറിയ കല്ലൂർ, ഷിബു ഫെർണാണ്ടസ്, മോൺ ഡോ. ക്ലാരൻസ് പാലിയത്ത് എന്നിവർ സംസാരിച്ചു.